തിരുവനന്തപുരം: വീട് നിര്‍മിക്കാന്‍ മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് ഗ്രാമങ്ങളില്‍ അഞ്ചും നഗരങ്ങളില്‍ പത്തും സെന്റ് നെല്‍വയല്‍ നികത്താന്‍ നിയമ തടസമില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിന് അനുമതി നല്‍കുന്ന നഞ്ച കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിക്കും. നിലവില്‍ കൃഷിയുള്ള നെല്‍വയലുകളും വീടു നിര്‍മാണത്തിന് മാത്രമായി ഇത്തരത്തില്‍ നികത്താം. നിയമസഭയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 2008നു മുന്‍പ് നികത്തിയ നെല്‍വയലുകള്‍ ന്യായവിലയുടെ 25 ശതമാനം തുക പിഴയായി ഈടാക്കി ക്രമവത്കരിച്ചു നല്‍കിയ ഭേദഗതിയാണ് ഒഴിവാക്കിയത്. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഈ ഭേദഗതി. ബില്‍ സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. നികത്തിയ നെല്‍വയലുകള്‍ ക്രമവത്കരിക്കാനുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം 2008 ന് ശേഷം നികത്തിയവരും ദുരുപയോഗം ചെയ്തു. ഇക്കാരണത്താലാണ് ഭേദഗതി കൊണ്ടുവന്നത്. ക്രമവത്കരണത്തിന് ലഭിച്ച 93,088 അപേക്ഷകളില്‍ അര്‍ഹരായ 56 പേര്‍ക്കാണ് ആനുകൂല്യം കിട്ടിയത്. ഇങ്ങനെ 26 ഹെക്ടര്‍ ഭൂമി ക്രമവത്കരിച്ചതായി മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് വീടുവയ്ക്കാന്‍ നഗരങ്ങളില്‍ അഞ്ചു സെന്റും ഗ്രാമങ്ങളില്‍ 10 സെന്റും വയല്‍ നികത്താന്‍ ഇപ്പോഴും അനുമതിയുണ്ട്. 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം കഴിഞ്ഞ സര്‍ക്കാര്‍ ഭേദഗതി ചെയ്തതോടെ നികത്തിയ നിലം ക്രമവത്കരിക്കാന്‍ ചുമതലയുള്ള പ്രാദേശിക നഞ്ച കമ്മിറ്റികള്‍ നിര്‍ജീവമായി. ഉദ്യോഗസ്ഥരുടെ അനാസ്ഥയും അര്‍ഹര്‍ക്ക് ഇളവ് ലഭിക്കുന്നതിന് തടസ്സമായി.
ഇപ്പോഴുള്ള ഡാറ്റാ ബാങ്ക് അബദ്ധ പഞ്ചാംഗമാണ്. ഇത് പരിഷ്കരിക്കണം. പതിറ്റാണ്ടുകളായി വീടുവെച്ച് താമസിക്കുന്നവരുടെ കരഭൂമി നെല്‍പ്പാടമായും പാടങ്ങള്‍ കരയായുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമി പരിശോധന നടത്താതെ ഡാറ്റാ ബാങ്ക് തയ്യാറാക്കിയതിന്റെ കുഴപ്പമാണിത്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇളവാണ് യു.ഡി.എഫ്. വന്നപ്പോള്‍ നിയമ ഭേദഗതിയിലൂടെ നടപ്പാക്കിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചൂണ്ടിക്കാട്ടി. നാലും അഞ്ചും പതിറ്റാണ്ട് മുന്‍പ് വീടു പണിതു താമസിക്കുന്നവര്‍ക്ക് പുതിയ വീടു നിര്‍മിക്കാന്‍ അനുമതി നല്‍കുന്നില്ല. ഇതിന് പരിഹാരം വേണമെന്ന് ഇരുപക്ഷത്തുമുള്ള എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടു.