ഉള്‍കാഴ്ചയ്ക്കായി സ്മാര്‍ട്ട് ഫോണുകള്‍ കാസര്‍കോട് ജില്ലാതല വിതരണോദ്ഘാടനം മാര്‍ച്ച് 14 ന് ചട്ടഞ്ചാലില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും

79

കാസറകോട് : സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ കാഴ്ച പരിമിതര്‍ക്കായി സ്മാര്‍ട്ട് ഫോണുകളും പരിശീലനവും നല്‍കുന്ന കാഴ്ച പദ്ധതിയിലെ ജില്ലാ തല വിതരണത്തിന്റേയും പരിശീലനത്തിന്റേയും ഉദ്ഘാടനം ഈമാസം 14ന് രാവിലെ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സംസാരിക്കും.

കെ എന്‍ മൊയ്തീന്‍ കുട്ടി ഹാജി ചെയര്‍മാനും സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജിഷോ കണ്‍വീനറുമായിണ് സംഘാടക സമിതി രൂപീകരിച്ചത്.കാഴ്ച പരിമിതിയുള്ളവര്‍ക്കായി തയ്യാറാക്കിയ സ്പെസിഫിക്കേഷനോടു കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായ ഈ പദ്ധതിയിലൂടെ കാഴ്ച പരിമിതിയുള്ള യുവതീ-യുവാക്കള്‍ക്ക് പ്രത്യേക സോഫ്ട് വെയറോടുകൂടിയ ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണുകളുമാണ് നല്കുന്നത്..

കാഴ്ച പരിമിതിയുള്ളവര്‍ക്ക് കാഴ്ച നല്‍കുന്നതിങ്ങനെ

കാഴ്ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്ട്‌വെയറിലൂടെ സാധിക്കുന്നതാണ്. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ നേരിടുന്ന വലിയ പ്രശ്നമാണ് സ്ഥലങ്ങള്‍ കണ്ടെത്തുക എന്നത്. എന്നാല്‍ സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ പരാശ്രയമില്ലാതെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും ഇനി പോകാനുള്ള ദിശ തിരിച്ചറിയാനും സാധിക്കുന്നു.

മത്സര പരീക്ഷകള്‍ക്ക് തയ്യാറാകുന്നവര്‍ക്കും ഈ ഫോണ്‍ വളരെ സഹായിക്കും. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുന്നതാണ്. കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്..

ഈ ഫോണുകള്‍ സുഗമമായി ഉപയോഗിക്കുന്നതിനും സാധ്യതകള്‍ മനസിലാക്കിപ്പിക്കുന്നതിനും ആവശ്യമായ പരിശീലവും നല്‍കും. സംസ്ഥാനതല പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ഓരോ ജില്ലയിലും ഫോണുകള്‍ വിതരണം ചെയ്യുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് ഫോണ്‍ ഉപയോഗം സംബന്ധിച്ച പരിശീലനം നല്‍കുന്നത്.

ശുഭയാത്ര

ചലന പരിമിതിയുള്ള ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമായി സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ശുഭയാത്ര . മുച്ചക്ര വാഹനങ്ങള്‍, ഇലക്ടോണിക് വീല്‍ ചെയര്‍ എന്നിവ വിതരണം ചെയ്യുന്നു.

ഹസ്തദാനം പദ്ധതിയില്‍ 12 വയസ്സു വരെയുള്ള ഗുരുതര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരില്‍ 18 വയസ്സു വരെയുള്ള കാലയളവിലേക്ക് നിക്ഷേപിച്ച സ്ഥിര നിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഈ ചടങ്ങില്‍ കൈമാറും..

NO COMMENTS