കാസറഗോഡ് : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജോലി ആവശ്യാര്‍ത്ഥം ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല. കര്‍ണ്ണാടകയില്‍ ജോലി ചെയ്യുകയാണെങ്കില്‍, അവിടെ ചുരുങ്ങിയത് 28 ദിവസം താമസിച്ച് ജോലി ചെയ്യണം. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വന്ന് ദിവസവും ജോലി ചെയ്യുന്നവരും ചുരുങ്ങിയത് 28 ദിവസം ഇവിടെ താമസിച്ച് ജോലി ചെയ്യണം.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തക്ര്ക്കും ഈ തീരുമാനം ബാധകമാണ്.
ഞായറാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതിനാലാണ് മഞ്ചേശ്വരം അതിര്‍ത്തി മേഖല യില്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഏകകണ്ഠമായി തീരുമാനി ച്ചതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തികളിലെ റോഡുകളില്‍ പഞ്ചായത്തു ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മൂന്ന് വീതം ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും. പഞ്ചായത്തും ജില്ലാഭരണകൂടവും പൊലീസും തീരുമാനിക്കുന്ന റോഡിലൂടെ മാത്രം യാത്ര അനുവദിക്കും. മറ്റ് റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.യാത്ര അനുവദിക്കുന്ന റോഡുകളില്‍ കര്‍ശനമായ പോലീസ് നിരീക്ഷണം ഉണ്ടാകും. അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ദക്ഷിണ കന്നഡയിലെ
തൊട്ടടുത്ത പ്രദേശത്ത് അടിയന്തിര സാഹചര്യത്തില്‍ നടന്ന് പോകേണ്ട സാഹചര്യം ഉണ്ടായാല്‍ അതിര്‍ത്തി റോഡില്‍ ആധാര്‍ ഉള്‍പ്പെടുള്ള പരിശോധന ഉണ്ടാകും. ഇതിനായി തൊട്ടടുത്ത പഞ്ചായത്തുമായി ചര്‍ച്ച നടത്തി ധാരണയിലെ ത്താന്‍ മഞ്ചേശ്വരം മേഖലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരോട് യോഗം നിര്‍ദേശിച്ചു.ജില്ലയിലെ നിലവിലെ സ്ഥിതി ഗതികളെപ്പറ്റിയുള്ള വിവരം ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവും ജില്ലാ പോലീസ് മേധാവി ഡി ശില്പയും യോഗത്തില്‍ വിശദീകരിച്ചു.
ശാരീരിക അകലം പാലിക്കാതെ കൂട്ടം കൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ പോലീസിനെ യോഗം ചുമതലപ്പെടുത്തി.മാസ്‌ക് ധരിക്കാതെയും,ശാരിരിക അകലം പാലിക്കാതെയും, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകഴുകാതെയുമുള്ള കൂട്ടംകൂടലുകള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തും
10 പേരില്‍ കൂടുതല്‍ പാടില്ല
പ്രതിഷേധ സമരങ്ങളിലും വിവിധ പരിപാടികളിലും 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.ഇതില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും,ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.
അതിഥി തൊഴിലാളികളുടെ ഉത്തരവാദിത്വം കോണ്‍ട്രാക്റ്റര്‍മാര്‍ക്ക്
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ഉള്ളവര്‍ സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു വേണം ജില്ലയില്‍ വരാന്‍. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.തിരിച്ചുവരുന്ന അതിഥി തൊഴിലാളികള്‍ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.ഇവരുടെ ഉത്തരവാദിത്വം കോണ്‍ട്രാക്റ്റമാര്‍ ഏറ്റെടുക്കണം.ജില്ലയില്‍ എത്തുന്ന അതിഥി തൊഴിലാളികള്‍ അലഞ്ഞ് തിരിയുന്ന സാഹചര്യം ഉണ്ടാകരുത്.ഇത് അനുസരിക്കാത്ത കോണ്‍ട്രാക്റ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ചരക്ക് ലോറികളിലെ ഡ്രൈവര്‍മാര്‍ക്ക് പാര്‍സല്‍ ഭക്ഷണം
ഇതര സംസ്ഥാനങ്ങളില്‍ മത്സ്യവും പച്ചക്കറിയും മറ്റുമായി വരുന്ന ചരക്ക് ലോറികളിലെ ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഹോട്ടലുകള്‍ പാര്‍സല്‍ ഭക്ഷണം മാത്രമേ നല്‍കാവൂ.രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം മേഖലയില്‍ ചരക്ക് ലോറികള്‍ പാര്‍ക്ക് ചെയ്യരുത്.ഹോട്ടല്‍ പരിസരത്ത് ചരക്ക് ലോറികള്‍ കൂട്ടത്തോടെ നിര്‍ത്തിയിടരുത്.ഇത് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.
ബേക്കല്‍ കോട്ട 31 വരെ തുറക്കില്ല
ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഈ മാസം 31 വരെ തുറക്കേണ്ടതില്ലെന്ന് ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.റാണിപുരം,പോസഡിഗുംബെ ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനുമതിയില്ലാതെ ആളുകള്‍ കൂട്ടംകൂടുന്നതായി ജനപ്രതിനിധികള്‍ചൂണ്ടികാട്ടി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനെ യോഗം ചുമതലപ്പെടുത്തി.പട്ടണ പ്രദേശങ്ങളിലും പാതയോരത്ത് ജ്യൂസ് കടകളിലും മറ്റും ആളുകള്‍ അനാവശ്യമാായി കൂട്ടംകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് രോഗവ്യാപനത്തിലേക്ക് നയിക്കും.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാഭരണകൂടത്തോട് യോഗം നിര്‍ദേശിച്ചു
ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിന് അടിയന്തിരമായി ഇടപെടും
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എംപി ,എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിന് ജില്ലാഭരണകൂടം ഭരണാനുമതി നല്‍കിട്ടുണ്ടെങ്കിലും ഇവ ലഭ്യമാക്കുന്നതിന് കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കാലതാമസം വരുത്തിയ സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികളിലൂടെ പ്രദേശികമായി വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക അനുമതി തേടുന്നതി്നുള്ള ജില്ലാഭരണകൂടത്തിന്റെ ആവശ്യം ആരോഗ്യ വകുപ്പിന്റെ അടിയന്തര ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
കായിക വിനോദങ്ങള്‍ക്ക് നിയന്ത്രണം
ജില്ലയില്‍ ഫുട്‌ബോള്‍ ,ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കോവിഡ്് സാമൂഹ്യ വ്യാപനം തടയാന്‍ പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണത്തോടെ ജനകീയ ഇടപെടല്‍ നടത്തി കര്‍ശന നടപടികളിലേക്ക് പോകാനാണ് .ജനപ്രതിനിധികളുടെ യോഗം തീരുമാനം.അശ്രദ്ധമായ ഇടപെടല്‍ ഒഴിവാക്കി സമ്പര്‍ക്കത്തിലൂടെ രോഗം പകരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി,എം എല്‍ എ മാരായ എം സി ഖമറുദ്ദീന്‍,എന്‍ എ നെല്ലിക്കുന്ന്,കെ കുഞ്ഞിരാമന്‍,എം രാജഗോപാലന്‍,ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി രാജന്‍, വി പി ജാനകി,എം ഗൗരി,സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി,എ കെ എം അഷറഫ്,ഓമന രാമചന്ദ്രന്‍,നഗരസഭാ അധ്യക്ഷന്‍മാരായ പ്രൊഫ. കെ പി ജയരാജന്‍,വിവി രമേശന്‍, ബിഫാത്തിമ ഇബ്രാഹിം,മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ശംശാദ് ഷുക്കൂര്‍, അരുണ,ഷാഹുല്‍ ഹമീദ് ബന്തിയോട്,ഭാരതി,അബ്ദുള്‍ അസീസ്,വൈ ശാരദാ,ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എ എ ജലീല്‍ , എഡിഎം എന്‍ ദേവീദാസ്, ഡിഎംഒ ഡോ എവി രാംദാസ്,ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ് എന്നിവര്‍ സംബന്ധിച്ചു,