റവന്യു റിക്കവറി അദാലത്ത്: 180 അപേക്ഷകളില്‍ 104 കേസുകള്‍ തീര്‍പ്പാക്കി

82

കാസര്‍കോട് : ജില്ലാ റവന്യു വകുപ്പിന്റെയും കേരള ഗ്രാമീണ്‍ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ ബാങ്ക് ജപ്തി നേരിടുന്ന വര്‍ക്കായുള്ള അദാലത്ത് സംഘടിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്ത് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കള്‍ അദാലത്ത് മുഖേന ലഭിക്കുന്ന സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് കളക്ടര്‍ പറഞ്ഞു. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങി ജപ്തി നടപടി നേരിടുന്ന ജില്ലയിലെ ആളുകള്‍ക്കായാണ് അദാലത്ത് സംഘടിപ്പിച്ചത്.

180 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 104 കേസുകള്‍ തീര്‍പ്പാക്കി. അദാലത്തില്‍ പരിഹാരമാകുന്ന തുക ഫെബ്രുവരി 29 നകം അടച്ച് തീര്‍ക്കണം. ജില്ലയിലെ 12 ബാങ്കുകളിലെ ബ്രാഞ്ച് മാനേജര്‍മാര്‍ അദാലത്തില്‍ സംബന്ധിച്ചു. ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക സ്വഗതം പറഞ്ഞു. കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ ഗോവിന്ദ് ഹരിനാരായണന്‍, കാസര്‍കോട് റീജിയണല്‍ മാനേജര്‍ ബാപ്റ്റി നിഥീരി, കാസര്‍കോട് ചീഫ് മനേജര്‍ പി വി സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

സതീഷ് റായ്ക്കും പത്മനാഭനും ഇത് ആശ്വാസത്തിന്റെ നിമിഷം

ജപ്തി നടപടികള്‍ നേരിടുന്നവര്‍ക്കായി റവന്യൂ വകുപ്പും കേരള ഗ്രാമീണ്‍ ബാങ്കും ചേര്‍ന്ന് നടത്തിയ അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലാണ് കുംബാഡജെയിലെ സതീഷ് റായുടെയും പത്മനാഭന്റെയും അപേക്ഷ പരിഗണിച്ചതും ലോണില്‍ ഇളവ് നല്‍കിയതും. കൃഷിക്കായി അച്ഛനെടുത്ത ലോണാണ് കൂംബഡാജെ സ്വദേശി സതീഷ് റായ്ക്ക് വില്ലനായത്. 2012 ലാണ് കൃഷിക്കാരനായ വിശ്വനാഥറായ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ജയനഗര്‍ ശാഖയില്‍ നിന്നും 50000 രൂപ ലോണെടുത്തത്.

ആദ്യകാലങ്ങളില്‍ തിരിച്ചടച്ചുവെങ്കിലും പിന്നീട് കൃഷി നശിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ബാധിച്ച അദ്ദേഹത്തിന് വായ്പ തിരിച്ചടയ്ക്കാനായില്ല. കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം മരിച്ചതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കേണ്ട ബാധ്യത മക്കള്‍ക്കും ജാമ്യക്കാരനായ പത്മനാഭനുമായി. സാധാരണ കൃഷിക്കാരായ ഇവര്‍ക്കും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ബാങ്ക് തുടര്‍ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു. മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് ഇരുവരും അദാലത്തിനെത്തിയത്. ഇരുവരുടെയും അപേക്ഷ പരിഗണിച്ച അധികൃതര്‍ ഇനി 25000 രൂപ അടച്ചാല്‍ മതിയെന്ന് പറഞ്ഞു.

NO COMMENTS