റവന്യു സേവനങ്ങൾ പൂർണമായും ഡിജിറ്റലാകും

13

റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ വേഗതയും സുതാര്യതയും ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ സമ്പൂർണ ഡിജിറ്റൽ സേവനം റവന്യു വകുപ്പിൽ ഉറപ്പു വരുത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പുതിയ 12 ഇ-സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിന്റെ ഭാഗമായി റവന്യു വകുപ്പും സ്മാർട്ട് ആവുകയാണ്. കേരളത്തിലേറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയ സർക്കാരാണിത്. മൂന്ന് വർഷത്തിനുള്ളിൽ 1,80,877 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ക്യു ആർ കോഡ് രേഖപ്പെടുത്തിയ ഇ-പട്ടയങ്ങളാണ് നിലവിൽ നൽകുന്നത്. ജന്മിത്തവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവിൽ കേരളം നടത്തുന്നത്. 2022 നവംബർ 1 ന് ആരംഭിച്ച ഡിജിറ്റൽ റീസർവേ 4,85,000 ഹെക്ടറിൽ പൂർത്തിയാക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകൾ മുതൽ ഡയറക്ടറേറ്റ് വരെയുള്ള മുഴുവൻ സ്ഥാപനങ്ങളും സേവനങ്ങളും ഡിജിറ്റലാക്കി മാറ്റും. ലോക കേരള സഭയുടെ രണ്ടാമത്തെ എഡിഷനിൽ റവന്യു വകുപ്പ് പ്രഖ്യാപിച്ച പ്രവാസി മിത്രം പോർട്ടലിലൂടെ പ്രവാസികൾക്ക് റവന്യു അപേക്ഷ യുടെ നിജസ്ഥിതി പരിശോധിക്കുന്നതിനുള്ള അവസരം ഇ-സേവനങ്ങളിലൂടെ ലഭിക്കും. പ്രവാസികൾക്ക് ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങൾ ഓൺലൈനായി നടത്താം എന്നത് കേരളത്തിന്റെ ചരിത്ര നേട്ടമാന്നെന്ന് മന്ത്രി പറഞ്ഞു.

ഭൂമിയിൻമേൽ ബാങ്കുകളിൽ നിന്നുള്ള വായ്പയുടെ വിശദാംശങ്ങൾ അറിയുന്ന ഇലക്ട്രോണിക് മോർട്ട്ഗേജ് റിക്കോർഡർ മറ്റൊരു പ്രധാന സേവനമാണ്. ഭൂമിയേറ്റെടുക്കൽ നടപടി ക്രമങ്ങൾ സുതാര്യമാക്കുക എന്നതാണ് ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റം എന്ന സേവനത്തിന്റെ ലക്ഷ്യം. റവന്യു ഇ-സർവീസുകൾ മൊബൈൽ ആപ്പിലൂടെ ഉടൻ തന്നെ ലഭ്യമാകുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

10 വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന ഭൂസംബന്ധമായ സേവനങ്ങൾ, ഇലക്ട്രോണിക് മോർട്ട്‌ഗേജ് റിക്കോർഡറായ www. emr. kerala. gov.in, ഏത് ഭൂമിയും തിരയുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന www.revenue.kerala.gov.in, കെ ബി ടി അപ്പീൽ-ഓൺലൈൻ സംവിധാനം, റവന്യൂ റിക്കവറി ഡിജിറ്റൽ പെയ് മെന്റ്, ബിസിനസ് യൂസർ -PAN ഉപയോഗിച്ചുള്ള ലോഗിൻ സൗകര്യം, റവന്യൂ ഇ – സർവ്വീസ് മൊബൈൽ ആപ്പ്, ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റമായ www.lams.revenue.kerala.gov.in, വില്ലേജ് ഡാഷ്ബോർഡ് VOMIS, ഗ്രീവെൻസ് & ഇന്നോവേഷൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, റവന്യൂ ഇ-കോടതി എന്നിവയാണ് പുതിയതായി നടപ്പിലാക്കു ന്ന ഇ-സേവനങ്ങൾ.

ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിഗൻ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, വാർഡ് കൗൺസിലർ പാളയം രാജൻ എന്നിവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY