കേരളത്തിന്റെ വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനഃസ്ഥാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

194

കേരളത്തിന്റെ വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനഃസ്ഥാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു‍. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ മാത്രമേ, നിയമപ്രകാരം അധിക ഭക്ഷ്യധാന്യം നല്‍കാനാകൂവെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. അല്ലെങ്കില്‍ ഉയര്‍ന്ന നിരക്ക് നല്‍കി ഭക്ഷ്യധാന്യം വാങ്ങിക്കുക മാത്രമേ നിലവിലെ സാഹചര്യത്തില്‍ സാധ്യമാകൂവെന്നും പാസ്വാന്‍ വ്യക്തമാക്കി.
കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയതു മുതല്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ അരിയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. ഇത് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രം തള്ളിയത്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയതോടെ എ.പി.എല്‍-ബി.പി.എല്‍ വിഭജനം ഇല്ലാതായെന്നും ഉയര്‍ന്ന നിരക്കിലല്ലാതെ അധിക ഭക്ഷ്യധാന്യം നല്‍കാനാകില്ലെന്ന് എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും അധിക ഭക്ഷ്യധാന്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയമം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്നും പാസ്വാന്‍ വ്യക്തമാക്കി. നിലവില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ നിന്ന് കിലോയ്‌ക്ക് 24.5 രൂപ നല്‍കിയാണ് ഓപ്പണ്‍ മാര്‍ക്കറ്റ് പദ്ധതി പ്രകാരം സംസ്ഥാനം അരി വാങ്ങുന്നതെന്നും ഇക്കണോമിക് നിരക്കില്‍ അരി വില ഇതിലും കൂടുമെന്നും സംസ്ഥാന ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. വരള്‍ച്ചബാധിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് അധിക ഭക്ഷ്യധാന്യം അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY