പിന്നോക്കവിഭാഗക്കാരുടെ പൂജക്കുള്ള അവകാശം ക്ഷേത്രപ്രവേശന വിളംബരത്തിനു തുല്യമായ വിപ്ലവം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

163

കോഴിക്കോട് : പട്ടികജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള അവകാശം നല്‍കിയ സര്‍ക്കാര്‍ നടപടി ക്ഷേത്രപ്രവേശനവിളംബരത്തിന് തുല്യമായ വിപ്ലവകരമായ മുന്നേറ്റമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ ഉത്തരേന്ത്യയെന്നല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാട് പോലും ഇന്നും നൂറുവര്‍ഷം പിന്നിലായിരിക്കേയാണ് കേരളം ഈ മാറ്റത്തിനു തുടക്കം കുറിച്ചത്. ഇത് നടപ്പിലാക്കിയ കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും തമിഴ്‌നാട്ടിലെ പിന്നോക്ക വിഭാഗക്കാര്‍ അഭിനന്ദിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച കോമണ്‍ ഫെസിലിറ്റി സെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമ പഞ്ചായത്തുകള്‍ സാമ്പത്തികാവശ്യങ്ങളും മുന്‍ഗണനാക്രമങ്ങളുമടക്കം എല്ലാവശങ്ങളും ജനങ്ങളുമായി ചര്‍ച്ച ചെയ്തു തീരുമാനിച്ചാണ് ഇപ്പോള്‍ ഓരോ വികസന പദ്ധതിയും നടപ്പാക്കുന്നത്. അതിനാല്‍ ഓരോ പഞ്ചായത്തും ഓരോ ഗ്രാമ ഗവണ്‍മെന്റുകളായി മാറിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ വില്ലൂന്നി മലയിലാണ് പട്ടികജാതി വികസന ഫണ്ടില്‍നിന്നും 32 ലക്ഷം രൂപ ചിലവഴിച്ച് കോമണ്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ സര്‍ഗ്ഗാത്മകവും സാമൂഹ്യപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഇടത്തോടൊപ്പം പതിനൊന്നാം വാര്‍ഡിന്റെ ആസ്ഥാനമായും കോമണ്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കും.

അസിസ്റ്റന്റ് എന്‍ജിനീയര്‍ രഞ്ജു സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അച്യുതന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.കെ സൗദ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലത നള്ളിയില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വി സുധാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീജ പുലരിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈമ കെ കെ, വാര്‍ഡ് മെമ്പര്‍ ബിന്ദു താനിപ്പറ്റ, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ ഏ പി പ്രകാശിനി നന്ദിയും പറഞ്ഞു

NO COMMENTS