മലപ്പുറം: എക്സൈസ് കമ്മീഷണര്‍ക്ക് വാട്സ് ആപ്പില്‍ ലഭിച്ച പരാതിയില്‍ കഞ്ചാവ് സംഘത്തിലൊരാള്‍ പിടിയിലായി. ഋഷിരാജ് സിംഗിന് വാട്സ് ആപ്പില്‍ വന്ന പരാതിയില്‍ കുറ്റിപ്പുറം എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പുത്തനത്താണിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. തിരൂര്‍ വളവന്നൂര്‍ സ്വദേശി അബ്ദുറഹിമാനാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഒന്നര കിലോ കഞ്ചാവും പിടികൂടി.
കഴിഞ്ഞ ദിവസമാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് വാട്സ് ആപ്പില്‍ കഞ്ചാവ് സംഘത്തെക്കുറിച്ച് പരാതി ലഭിക്കുന്നത്. ഈ പരാതിയിലായിരുന്നു കുറ്റിപ്പുറം എക്സൈസ് സംഘത്തിൻറെ അന്വേഷണം. കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങുകയായിരുന്നു.
കഞ്ചാവ് വാങ്ങാന്‍ വന്നവരാണെന്ന് വ്യാജേന ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പ്രതികളിലൊരാള്‍ തിരിച്ചറിഞ്ഞു. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അബ്ദുറഹിമാന്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. ഇയാളുടെ കൂടെയുണ്ടായിരുന്ന സാക്കിറിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് എക്സൈസ് സംഘം.
പ്രതികളില്‍ നിന്നും ഒന്നര കിലോ കഞ്ചാവാണ് പിടികൂടിയത്. പ്രതിയെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു