കാസർഗോഡ് : മദ്രസ അദ്ധ്യാപകൻ റിയാസ് മൗലവി കൊല്ലപ്പെട്ട കാസർഗോഡ് ചൂരി ജുമാമസ്ജിദിൽ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പ്രതികളെ തിരിച്ചറിഞ്ഞു എന്നും ഉടൻ അറസ്റ്റു ചെയ്യും എന്നും അന്വേഷണം ഉദ്യോഗസ്ഥൻ മേധാവി ഡോ എ.ശ്രീനിവാസൻ പറഞ്ഞു. റിയാസ് മൗലവിയുടെ മൃതദേഹത്തിൽ 28 മുറിവുകളാണ് ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്നെണ്ണം ആഴത്തിലുള്ളതെന്നും ഒരേതരത്തിലുള്ള ആയുധം കൊണ്ടാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഒരാൾ തന്നെയായിരിക്കണം കൊല നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം പറയുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും , പള്ളി പരിസരത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ച് വരികയാണ് എന്നും പറയുന്നു. ആദ്യമാണ് കാസർഗോഡിന് പുറത്ത് നിന്നുള്ള സംഘം കേസ് അന്വേഷിക്കുന്നത്. നേരത്തെ അരങ്ങേറിയിട്ടുള്ള അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാക്കപ്പെടുന്നവരൊക്കയും കേസുകളിൽ നിന്ന് കുറ്റ വിമുക്തരാക്കപ്പെടുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും അതുകൊണ്ട് തന്നെയാണ് ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നുമാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തലവൻ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി. ഡോ എസ് ശ്രീനിവാസ് ,മാനന്തവാടി എ.എസ്.പി. ജയദേവ്ജി,മലപ്പുറം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി.ബി.മോഹനചന്ദ്രൻ ,തളിപ്പറമ്പ് സി.ഐ.പി.കെ.സുധാകരൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളവർ.