പത്തനംതിട്ട• ആനപ്പാറയില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ലോറിയില്‍ ഇടിച്ചു തകര്‍ന്നു. ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമുറ്റത്തേക്കു പാഞ്ഞുകയറി രണ്ട് കാറുകള്‍ക്കും വീടിനും നാശം. കാറില്‍ സഞ്ചരിച്ചിരുന്ന പത്തനാപുരം സ്വദേശി അന്‍സല്‍(28)നെ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറുമണിയോടെ ബിജെപി ജില്ലാ കാര്യാലയത്തിനു മുന്നിലായിരുന്നു അപകടം.
പുനലൂര്‍ ഭാഗത്തുനിന്നും നഗരത്തിലേക്കു വരികയായിരുന്നു കാര്‍. മുന്നില്‍ പോയ മറ്റരു കാറിനെ മറികടക്കവേ എതിരെ വന്ന ലോറിയില്‍ ഇടിച്ചു രണ്ടു വട്ടം കറങ്ങിയാണു നിന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിച്ചിരുന്ന അന്‍സലിനെ അഗ്നിശമന സേന എത്തി കാര്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.