കാസര്‍കോട്: കാസര്‍കോട് എം ജി റോഡിലെ റീടാറിംഗ് അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. ടാറിംഗ് നടത്തി രണ്ടുമാസത്തിനകം തന്നെ റോഡ് തകര്‍ന്നതിനുകാരണം അഴിമതിയാണെന്ന് കാണിച്ച് വ്യാപാരികളാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്.
എം ജി റോഡില്‍ പുതിയ ബസ് സ്റ്റാന്റ് മുതല്‍ ട്രാഫിക്ക് സര്‍ക്കിള്‍ വരെയാണ് റീടാറിംഗ് നടത്തിയിരുന്നത്.ഇരുപത്തിയഞ്ചു ലക്ഷം രൂപ ചിലവിട്ട് നടത്തിയ അറ്റകുറ്റപണിയില്‍ വ്യാപകമായ അഴിമതി നടന്നെന്നാണ് വ്യാപാരികളുടെ പരാതി.റീടാറിംഗ് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് തകര്‍ന്ന് വലിയ കുഴികള്‍ ഉണ്ടായി. രാത്രികാലത്ത് ആരും കാണാത്ത സമയത്ത് നടത്തിയ തട്ടിക്കൂട്ട് പണിയാണ് റോഡിന്റെ ശ്യോചാവസ്ഥക്ക് കാരണമെന്ന് കാണിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വിജിലൻസിന് പരാതി നല്‍കിയത്.പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സി.ഐ പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സംഘം റോഡ് പരിശോധിച്ചു.
പ്രാഥമിക പരിശോധനയില്‍ തന്നെ തിരിമറി ബോധ്യപെട്ട വിജിലൻസ് ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെ തിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് അറിയിച്ചു. മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വിജിലൻസ് വിഭാഗവും റോഡ് നിര്‍മ്മാണത്തിലെ അപകതയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.