കാസറഗോഡ് : റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ മാസം അഞ്ചു മുതല്‍ 31 വരെ കര്‍ശന വാഹന പരിശോധനയും ബോധവല്‍ക്കരണ പരിപാടികളും നടത്തും. റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലയിലും പരിശോധനയും ബോധവല്‍ക്കരണവും നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ ഡോ. ഡി സജിത് ബാബു ചെയര്‍മാനായ റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ഈ മാസം അഞ്ചു മുതല്‍ 31 വരെ ഓരോ തരം നിയമലംഘനങ്ങള്‍ക്കായി മുന്‍കൂട്ടി നിര്‍ണയിച്ച ദിവസങ്ങളില്‍ കര്‍ശനവും വ്യാപകവുമായ പരിശോധനകള്‍ നടത്തുമെന്ന് അധ്യക്ഷത വഹിച്ച കളക്ടര്‍ അറിയിച്ചു.
നഗരപ്രദേശങ്ങളില്‍ മാത്രമാണ് ഇരുചക്ര വാഹന യാത്രക്കാര്‍ കൂടുതലായും ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. സമീപ ഭാവിയില്‍ തന്നെ ഇത് നിര്‍ബന്ധമാക്കുമെന്നതിനാല്‍ പൊതു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. കൂടാതെ കാറുകളില്‍ പുറകിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തും.
ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും നല്ല ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പാതയോരങ്ങളില്‍ ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവര്‍ത്തന രഹിതമായ ട്രാഫിക് സിഗ്നലുകള്‍ നന്നാക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ആര്‍ടിഒ എസ് മനോജ്, അഡീഷണല്‍ എസ്പി പ്രശോഭ്, പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വാഹന പരിശോധനാ ക്രമം
ആഗസ്റ്റ് 5 മുതല്‍ 7 വരെ – സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് പരിശോധന
ആഗസ്റ്റ് 8 മുതല്‍ 10 വരെ – നിയമവിരുദ്ധ പാര്‍ക്കിങ്
ആഗസ്റ്റ് 11 മുതല്‍ 13 വരെ – ഓവര്‍ സ്പീഡ്
ആഗസ്റ്റ് 14 മുതല്‍ 16 വരെ – മദ്യപിച്ചുള്ള ഡ്രൈവിങ്, റോഡ് നിയമങ്ങള്‍ പാലിക്കല്‍
ആഗസ്റ്റ് 17 മുതല്‍ 19 വരെ – ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം
ആഗസ്റ്റ് 20 മുതല്‍ 23 വരെ – സീബ്രാലൈന്‍, സിഗ്നല്‍ അതിക്രമിക്കല്‍
ആഗസ്റ്റ് 24 മുതല്‍ 27 വരെ – സ്പീഡ് ഗവേണര്‍, അമിതഭാരം
ആഗസ്റ്റ് 28 മുതല്‍ 31 വരെ – കൂളിങ് ഫിലിം, ലൈറ്റ് തുടങ്ങിയവ
പാതയോരങ്ങളിലെ കച്ചവടം: 16ന് മുമ്പ് ഒഴിയണം
ദേശീയ പാത, പിഡബ്ല്യൂഡി റോഡ് എന്നിവയ്ക്ക് സമീപം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വഴിയോരക്കച്ചവടക്കാര്‍ ഈ മാസം 16ന് മുമ്പ് സ്വമേധയാ ഒഴിഞ്ഞു പോകണമെന്ന് യോഗം അറിയിച്ചു. അല്ലാത്ത പക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കും. നടപ്പാതകളിലും റോഡിലുമുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നത്. കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന 15 സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ട് ആയി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ആവശ്യമായ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുകയും മറ്റു റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. റോഡിന്റെ വശങ്ങളില്‍ ശ്രദ്ധ തിരിക്കുകയും കാഴ്ച മറക്കുന്നതുമായ പരസ്യബോര്‍ഡുകള്‍, മരച്ചില്ലകള്‍ തുടങ്ങിയവ നീക്കം ചെയ്യും.
കെഎസ്ടിപി റോഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍
ലെയിന്‍ ട്രാഫിക് പരിഷ്‌കാരം
കെഎസ്ടിപി റോഡില്‍ ഈ മാസം 14 മുതല്‍ 16 വരെ പരീക്ഷണാടിസ്ഥാനത്തില്‍ ലെയിന്‍ ട്രാഫിക് നടപ്പിലാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി വലിയ വാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും പ്രത്യേക ഭാഗം നിര്‍ണയിച്ച് ഗതാഗതം നിയന്ത്രിക്കും. പരീക്ഷണം വിജയകരമാവുകയാണെങ്കില്‍ ജില്ലയിലെ മറ്റു പാതകളിലും ഇത് നടപ്പാക്കുമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.