കാസറകോട് : റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ദേശീയ-സംസ്ഥാന, പി.ഡബ്ല്യു.ഡി പാതയോരങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ജില്ലാ തല ഉദ്ഘാടനം ചെര്‍ക്കള ഹൈവെ അരികുവശം ശുചിയാക്കികൊണ്ട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍വ്വഹിച്ചു.
ജില്ലയില്‍ 86.8 കിലോമീറ്റര്‍ ദേശീയ പാതയിലെയും 29 കിലോമീറ്റര്‍ കെ.എസ്.ടി.പി റോഡിന്റെയും 16 കിലോമീറ്റര്‍ സംസ്ഥാന ഹൈവേയിലെയും ഓരങ്ങളിലുള്ള മാലിന്യങ്ങള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയേഴ്‌സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരിച്ചത്.
ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചേയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിം, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ജസീര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.