പൊന്‍കുന്നത്തെ മദ്യവില്‍പ്പനശാലയിലെ മോഷണം: അന്വേഷണം ജീവനക്കാരിലേക്കും

219

പൊന്‍കുന്നം: കണ്‍സ്യൂമര്‍ഫെഡിന്‍റെ, പൊന്‍കുന്നത്തെ വിദേശമദ്യവില്‍പ്പന കേന്ദ്രത്തില്‍നിന്ന് 18 ലക്ഷത്തിലേറെ രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെക്കുറിച്ചു വ്യക്തമായ സൂചനയില്ല. ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പോലീസിന്‍റെ അന്വേഷണം. മോഷണം നടന്ന രീതിയാണു ജീവനക്കാരെയും സംശയനിഴലിലാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി നടന്ന മോഷണത്തില്‍ സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന 18,29,550 ലക്ഷം രൂപയാണൂ നഷ്ടപ്പെട്ടത്. ദേശീയപാതയ്ക്കു സമീപമുള്ള മദ്യവില്‍പ്പന കേന്ദ്രത്തിന്‍റെ പിന്‍ഭാഗത്ത് ഗോഡൗണിന്‍റെ ഷട്ടറിന്‍റെ പൂട്ടു തകര്‍ത്ത നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്പേതാടെ കട തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.സേഫിന്‍റെ മുകള്‍ഭാഗത്തു ചെറിയ വിടവു കണ്ടതിനെത്തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മോഷണം നടന്നതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസം എട്ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത്രയധികം പണം സൂക്ഷിച്ചിട്ടും മുന്‍കരുതല്‍ എടുക്കാതിരുന്നതിനാലും പോലീസ് സംരക്ഷണം ആവശ്യപ്പെടാതിരുന്നതിനാലുമാണ് നടപടി.
കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച സേഫില്‍ മൂന്ന് തട്ടുകളിലായാണൂ പണം സൂക്ഷിച്ചിരുന്നത്. സേഫ് കുത്തിത്തുറന്ന ലക്ഷണം ഇല്ലാത്തതും പണം അപഹരിക്കപ്പെട്ട രീതിയും പോലീസിനെ കുഴക്കുന്നു. സേഫിനു മുകളിലുണ്ടാക്കിയിരിക്കുന്ന ചെറിയ വിടവിലൂടെ നോട്ട് കെട്ടുകള്‍ മോഷ്ടിക്കാനാകില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. താക്കോല്‍ ഉപയോഗിച്ച്‌ സേഫ് തുറന്ന് പണം എടുത്തതാകാമെന്നാണ് പോലീസിന്‍റെ സംശയം. സേഫ് തുറന്നശേഷം തെറ്റിദ്ധരിപ്പിക്കുന്നതിനു വരുത്തിയ കീറലാണ് വലതുവശത്തുള്ളതെന്ന ശാസ്ത്രീയ അന്വേഷണസംഘത്തിന്‍റെ കണ്ടെത്തലും നിര്‍ണായകമാകും. കവര്‍ച്ച നടത്തിയശേഷം എത്രയും പെട്ടെന്ന് രക്ഷപ്പെടുമെന്നിരിക്കെ പുറത്തിറങ്ങിയശേഷം സ്ഥാപനത്തിന്‍റെ ഷട്ടര്‍ കൃത്യമായി അടച്ചതും സംശയമുണര്‍ത്തുന്നു. ജീവനക്കാരുടെ സഹായത്തോടെ പുറത്തുനിന്നുള്ളവരാണോ പണം അപഹരിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കണ്‍സ്യൂമര്‍ഫെഡിന്‍റെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച ഉച്ചമുതല്‍ തിങ്കളാഴ്ച വൈകിട്ട് വരെയുള്ള വില്‍പ്പനത്തുകയായ 22,44,580 രൂപയാണ് സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 18,29,550 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ബാക്കി നാലു ലക്ഷത്തി പതിനയ്യായിരത്തോളം രൂപ അലമാരയിലുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചവരെയുള്ള തുക പാലാ കിഴതടിയൂര്‍ ബാങ്കിന്‍റെ അവധി ദിനശാഖയില്‍ അടച്ചിരുന്നു. പിന്നീടുള്ള തുകയാണ് നഷ്ടപ്പെട്ടത്.
ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും ഉപയോഗിക്കുന്ന ചെറിയ കന്പിയും സേഫിന്‍റെ സമീപത്തുനിന്നു പോലീസ് കണ്ടെടുത്തിരുന്നു. സേഫിനുള്ളിലെ പണം പൂര്‍ണമായും അപഹരിക്കപ്പെടാത്തതും സംശയമുണര്‍ത്തുന്നു. മുകള്‍ഭാഗത്ത് വരുത്തിയ വിടവിലൂടെ താഴേത്തട്ടുകളിലെ പണം എങ്ങനെ എടുത്തു എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യങ്ങള്‍ കൊണ്ടാണ് ജീവനക്കാരില്‍ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നത്.
ജീവനക്കാരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കേസന്വേഷണത്തില്‍ സഹായകമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രണ്ട് ജോടി താക്കോലുകളാണ് സേഫിനുള്ളത്. ഇതില്‍ ഒരെണ്ണം മാനേജരുടെ പക്കലും മറ്റൊന്ന് വില്‍പ്പനശാലയ്ക്കുള്ളിലും സൂക്ഷിക്കുകയായിരുന്നു പതിവ്. ഈ താക്കോല്‍ കാലിയായ മദ്യകവറിനുള്ളില്‍വച്ച്‌ കടയ്ക്കുള്ളില്‍ വയ്ക്കുകയായിരുന്നു പതിവ്. താക്കോല്‍ കൈവശപ്പെടുത്തിയ ആരെങ്കിലും ഡ്യൂപ്ലിക്കേറ്റ് തയാറാക്കിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ജീവനക്കാരല്ലാത്ത ആരുടെയെങ്കിലും പക്കല്‍ താക്കോല്‍ എത്താനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്.
നിരീക്ഷണത്തിലിരിക്കുന്ന ജീവനക്കാരെ അന്വേഷണ ഉദ്യോഗസ്ഥരായ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി: കെ.എം. ജിജുമോന്‍, പൊന്‍കുന്നം സി.ഐ: ടി.ടി.സുബ്രഹ്മണ്യം, എസ്.ഐ: അഭിലാഷ് കുമാര്‍, ഷാഡോ പൊലീസ് എസ്.ഐ: പി.വി.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മൊബൈല്‍ ടവറിലെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ്.

NO COMMENTS

LEAVE A REPLY