മൂന്നാറിൽ അമ്പലം കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പൊലീസിന്‍റെ പിടിയിലായി

175

ഇടുക്കി: മൂന്നാറിൽ അമ്പലം കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പൊലീസിന്‍റെ പിടിയിലായി. മോഷണശ്രമത്തിനിടെ സമീപവാസികളെ കണ്ട് രക്ഷപ്പെട്ട ഇവർ പൊലീസിന്റെ വാഹനപരിശോധനക്കിടെയാണ് അറസ്റ്റിലായത്.
മൂന്നാർ ന്യൂകോളനി സ്വദേശികളായ മാരിമുത്തു, വിജയ്, വീരമണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. 19 വയസ് മാത്രമാണ് മൂവരുടേയും പ്രായം. മൂന്നാർ പ്രണവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്താനായിരുന്നു ശ്രമം.
പുലർച്ചെ ഒന്നരയോടെ മൂന്ന് പേരും ഓട്ടോറിക്ഷയിൽ അമ്പലത്തിന് സമീപമെത്തി. വിജയെയും വീരമണികണ്ഠനെയും കാവൽ നിർത്തിയശേഷം മാരിമുത്തു ക്ഷേത്രത്തിനകത്ത് കയറി. മുൻവാതിലിന്റെ പൂട്ട് തകർക്കുന്നത് കേട്ട് സമീപവാസികൾ ഉണർന്നു. ഇതോടെ മൂന്ന്പേരും ഓട്ടോയിൽതന്നെ രക്ഷപ്പെട്ടു.
ക്ഷേത്രജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് മൂന്നാർ എസ് ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സമീപപ്രദേശങ്ങൾ അരിച്ചുപെറുക്കി. ഇതിനിടയിലാണ് വാഹനപരിശോധനക്കിടെ മൂന്ന് പേരും കുടുങ്ങുന്നത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 29നും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.
വെള്ളി അങ്കി, ശൂലം എന്നിവ കവർന്ന മോഷ്ടാക്കൾ ഭണ്ഡാരത്തിലെ പണവും മോഷ്ടിച്ചിരുന്നു. ഇന്ന് പിടിയിലായവർക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണെന്ന് മൂന്നാർ എസ് ഐ വിഷ്ണുകുമാർ പറഞ്ഞു

NO COMMENTS

LEAVE A REPLY