കുമളി ടൗണില്‍ വന്‍ കവര്‍ച്ച; പണവും ആഭരണങ്ങളുമടക്കും 30 ലക്ഷത്തിന്റെ നഷ്‌ടം

207

ഇടുക്കി: ഇടുക്കിയിലെ കുമളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന കാശ്‍മീരി കരകൗശല ശാലയില്‍ വന്‍ കവര്‍ച്ച. 50,000 രൂപയും വിലപിടിപ്പുള്ള ആഭരണങ്ങളുമടക്കും മുപ്പത് ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്‌ടിക്കപ്പെട്ടത്. കുമളി – തേക്കടി റോഡിലുള്ള ചോള ആര്‍ട്സ് എംപോറിയത്തിലാണ് മോഷണം നടന്നത്.കാശ്‍മീര്‍ സ്വദേശികളുടേതാണ് സ്ഥാപനം. പുലര്‍ച്ചെ നാലുമണിയോടെയാണ് മോഷ്‌ടാവ് അകത്തു കടന്നതെന്ന് കടക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.
35 മിനിറ്റോളം മോഷ്‌ടാവ് കടക്കുള്ളില്‍ ചെലവഴിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. കടയുടെ ഷട്ടര്‍ തകര്‍ത്ത ശേഷം തുണികള്‍ അടുക്കി വച്ചിരുന്ന അലമാരയുടെ ഒരു വശം പൊളിച്ചാണ് മോഷ്‌ടാവ് അകത്തു കടന്നത്. തുടര്‍ന്ന് മേശ തുറന്ന് പണം അപഹരിച്ചു. സമീപത്തെ വില കൂടിയ ആഭരണങ്ങള്‍ മാത്രം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് കുത്തിപ്പൊളിച്ച് സാധനങ്ങള്‍ എടുത്തു.വിലകൂടിയ കല്ലുകള്‍ പതിച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഡയമണ്ടുകളും മോഷ്‌ടിച്ചിട്ടുണ്ട്. എന്നാല്‍ തൊട്ടടുത്തായി വില കുറഞ്ഞ ആഭരണങ്ങള്‍ വച്ചിരുന്ന ഷെല്‍ഫുകള്‍ തുറക്കാന്‍ ശ്രമിച്ചതുമില്ല. മങ്കി ക്യാപ്പ് വച്ച് അകത്തു കടന്ന മോഷ്‌ടാവ് സാധനങ്ങള്‍ എടുത്ത് പല തവണ അകത്തേക്കു കടന്ന ഭാഗത്തേക്കു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ സമയം രണ്ടു പേര്‍ റോഡരികില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തെ ക്യമറയിലും പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് നായയെ എത്തിച്ചിരുന്നു. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ പോലും കൃത്യമായി നീരീക്ഷിച്ച ശേഷമേ കാശ്‍മീരികള്‍ കടക്കുള്ളിലേക്ക് കടത്താറുള്ളൂ. അതിനാല്‍ കടയുമായി നല്ല പരിചയമുള്ളവരോ സാധനം വാങ്ങാനെന്ന പേരിലെത്തി വിശദമായ നിരീക്ഷണം നടത്തിയവരോ ആകാം മോഷ്‌ടാക്കളെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കടക്കുള്ളിലെയും തേക്കടിക്കവലയില്‍ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലെയും ദൃശ്യങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY