തലസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച

196

തിരുവനന്തപുരം: തലസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച. 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയും കവര്‍ന്നു. വ്യാഴാഴ്ച അതിരാവിലെയാണ് മോഷണം നടന്നത്. കവര്‍ച്ചയ്ക്കു പിന്നില്‍ അന്തര്‍ സംസ്ഥാന സംഘമാണെന്നാണ് പോലീസ് നിഗമനം. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ഏഴംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഓവര്‍ ബ്രിഡ്ജിനടുത്തുള്ള സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുന്ന മോഷ്ടാക്കള്‍ക്ക് സമീപത്തുകൂടി പോലീസ് ജീപ്പ് കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാഴ്ചയായി കേരളത്തില്‍ പലയിടത്തും മൊബൈല്‍ കടകളില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഇതേ സംഘമാണെന്നാണ് സൂചന. എറണാകുളം പാലാരിവട്ടത്ത് ഈ മാസം 22നും കൊല്ലത്ത് 24നും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. 18 ലക്ഷത്തിന്റെയും 13 ലക്ഷത്തിന്റെയും മോഷണമാണ് നടന്നത്. തുടര്‍ന്ന് കേരളത്തിലാകമാനം പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിരുന്നു.
മോട്ടി ഹരി എന്ന അന്തര്‍സംസ്ഥാന മോഷ്ടാവിന്റെ സംഘമാണ് ഇതിന് പിന്നില്‍. കവര്‍ന്ന ഫോണുകള്‍ നേപ്പാളിലേക്ക് കടത്തുകയാണ് സംഘത്തിന്റെ രീതി. ഇന്ത്യയ്ക്ക് പുറത്തുകടത്തുന്നതിനാല്‍ ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താനാകില്ലെന്നത് പോലീസിന് തലവേദനയാകും. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കടയില്‍ പോലീസ് പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.

NO COMMENTS