കോഴഞ്ചേരി• ഫെഡറല്‍ ബാങ്ക് കൊറ്റാത്തൂര്‍ ശാഖയില്‍ കവര്‍ച്ചാശ്രമം. പുറകിലെ ജനലിന്റെ കമ്ബികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു മുറിച്ച് അകത്തു കടന്നു സ്ട്രോങ് റൂം തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞതായി നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇന്നലെ രാവിലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്ട്രോങ് റൂമില്‍ ഒരാള്‍ക്ക് കൈ കടത്താവുന്ന വിധം മുറിച്ചെടുക്കാനാണ് ശ്രമിച്ചിരിക്കുന്നത്. എന്നാല്‍, ഇരട്ടപ്പാളിയുള്ള സ്ട്രോങ് റൂം വാതിലിന്റെ അകത്തെ പാളിക്കു പോലും കോട്ടം സംഭവിച്ചില്ല. വാതില്‍ തുറന്നിരുന്നെങ്കില്‍ അലാറം മുഴങ്ങുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നതായി ഫെഡറല്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ എന്‍.ആശ പറഞ്ഞു.
ഇരട്ടപ്പാളിക്കു പുറമെ, ഗ്രില്ലും ഉണ്ട് സ്ട്രോങ് റൂമിന്.
ശനി രാത്രിയാണോ ഞായര്‍ രാത്രിയാണോ മോഷണശ്രമം നടന്നത് എന്നതു വ്യക്തമായിട്ടില്ല. ആറു ക്യാമറകളാണ് ബാങ്കിനകത്തുള്ളത്. ഇവയുടെയെല്ലാം കേബിളുകള്‍ വിച്ഛേദിച്ചിട്ടിരിക്കുന്നതായി സിഐ എസ്.വിദ്യാധരന്‍ പറഞ്ഞു. എങ്കിലും വ്യക്തമായ സൂചനകള്‍ക്കുള്ള കുറച്ചു ദൃശ്യങ്ങളെങ്കിലും ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ്. ബാങ്കിനകത്തെല്ലാം മുളകുപൊടി വിതറിയതിനാല്‍ ഡോഗ് സ്ക്വാഡ് എത്തിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ബാങ്കിന് രാത്രിയില്‍ സെക്യൂരിറ്റി ജിവനക്കാരന്‍ ഉണ്ടായിരുന്നു. എന്നാല്‍, കവര്‍ച്ചാശ്രമം ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ബാങ്കിനു മുകളിലെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടുകാരും രാത്രിയില്‍ അസാധാരണമായി ശബ്ദങ്ങളൊന്നും കേട്ടിട്ടില്ലെന്ന് അറിയിച്ചു.