ദാവോ • യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡീഗ്രോ ഡ്യൂടേര്‍ട് ഖേദം പ്രകടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്ബോഴുണ്ടായ ഒരു പ്രതികരണമായിരുന്നു അത്. യുഎസ് പ്രസിഡന്റിനെ വ്യക്തിപരമായി ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡ്യൂടേര്‍ട് പറഞ്ഞു.
ലാവോസിന്റെ തലസ്ഥാനമായ വിയന്തിയയില്‍ ഇന്നു നടക്കുന്ന ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിക്കും മുന്‍പാണു ഒബാമയെ ഡ്യൂടേര്‍ട് അസഭ്യം പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കിയിരുന്നു. ഫിലിപ്പിന്‍സിലെ മനുഷ്യാവകാശലംഘനത്തെപ്പറ്റി ഒബാമ പ്രഭാഷണം നടത്തിയാല്‍ കേള്‍ക്കാന്‍ തന്നെക്കിട്ടില്ല എന്നും ഡ്യൂടേര്‍ട് പറഞ്ഞിരുന്നു.
‘ഏതു ചര്‍ച്ചയാണെങ്കിലും അതു ഫലപ്രദമാകണമെന്നാണ് എന്റെ നിലപാട്. എന്റെ സംഘാംഗങ്ങളോട് അതു സാധ്യമാകുമോ എന്നു പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് ഒബാമ പറഞ്ഞത് ഇതിന്റെ ഭാഗമായാണെന്നു കരുതുന്നു. ഡ്യൂടേര്‍ട് മേയില്‍ അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ടായിരത്തിനാനൂറോളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദ്യമുയരാന്‍ സാധ്യതയുണ്ടെന്ന സൂചനയാണു ഡ്യൂടേര്‍ടിനെ പ്രകോപിതനാക്കിയത്.