ഹൈദരാബാദ്: രോഹിത് വെമുല അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രോഹിതിന്റെ അമ്മ രാധിക വെമുലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരമ വാര്‍ഷിക ദിനമായ ഇന്ന് രോഹിത് ആത്മഹത്യ ചെയ്ത ഹോസ്റ്റല്‍ മുറി സന്ദര്‍ശിക്കുന്നതിന് രാധികയ്ക്ക് അധികൃതര്‍ അനുമതി നല്‍കിയില്ല. ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധങ്ങള്‍ ഭയന്ന് ഹൈദരാബാദ് സര്‍വ്വകലാശാല കനത്ത സുരക്ഷയാണ് ക്യാമ്പസിനകത്തും പുറത്തും ഏര്‍പ്പെടുത്തിയത്. വൈകീട്ട് ക്യാമ്പസിനകത്ത് നിന്നും സമാധാനപരമായി പ്രകടനം നടത്തി വന്ന വിദ്യാര്‍ത്ഥികളെ പൊലീസ് പുറത്തേക്ക് വരുന്നതില്‍ നിന്ന് തടഞ്ഞതോടെ ചെറിയ ഉന്തും തള്ളമുണ്ടായി. ചടങ്ങില്‍ പങ്കെടുക്കാന്‍ രോഹിതിന്റെ അമ്മ രാധിക വെമുലയും ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ സഹോദരനും ഉനയില്‍ അതിക്രമത്തിനെതിരായവരും എത്തിയപ്പോള്‍ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗേറ്റില്‍ വച്ച് പരിപാടി നടത്താന്‍ പൊലീസ് അനുമതി നല്‍കി. രോഹിതിന് നീതി ലഭിക്കും വരും പോരാട്ടം തുടരുമെന്ന് രാധിക വെമുല പറഞ്ഞു. സര്‍വ്വകലാശാല അധികൃരുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിഷേധമുയര്‍ത്തിയതോടെ രാധിക വെമുലയേയും രോഹിതിന്റെ സഹോദരനേയും തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളേയും മാധ്യമപ്രവര്‍ത്തകരേയും പൊലീസ് ക്യാമ്പസിനകത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.