ആഡംബര കാര്‍ വിപണിയിലെ അവസാനവാക്കായ റോള്‍സ് റോയ്സിന്റെ ഏറ്റവും പുതിയ മോഡല്‍ ‘ഡോണ്‍’ കേരളത്തില്‍. യാത്രാസുഖത്തിന്റെയും സുരക്ഷയുടെയും ആഡംബരത്തിന്റെയും കാര്യത്തില്‍ ‘ഡോണ്‍ അവസാന വാക്കാണെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല.
ഒരു സ്വിച്ചിട്ടാല്‍ വെറും 22 സെക്കന്‍ഡിനുള്ളില്‍ മേല്‍ക്കൂര മടങ്ങി ഡിക്കിക്കുള്ളില്‍ ഒളിക്കും. പിന്നെ ആകാശം കണ്‍നിറയെ കണ്ട് മഴയോ വെയിലോ മഞ്ഞോ കാറ്റോ ആസ്വദിച്ച് പറക്കാം. ഡിക്കിക്കുള്ളില്‍ നിന്നു മേല്‍ക്കൂര തിരികെയെത്താനും സെക്കന്‍ഡുകള്‍ മതി. തുറന്ന യാത്രയാണെങ്കിലും ഒരു ഹോം തിയറ്ററിനുള്ളിലെന്ന പോലെ സംഗീതം ആസ്വദിക്കാവുന്ന ബീസ്പോക്ക് ഓഡിയോ.
റോള്‍സ് റോയ്സിന്റെ ജനപ്രിയ മോഡലായ ഫാന്റം പിന്‍വലിച്ചതിനു പിന്നാലെയാണു പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പണം ഒരു പ്രശ്നമല്ലാത്തവര്‍ക്കും ആഡംബരം ഒരു ലഹരിയായവരെയുമാണ് ഡോണ്‍ ലക്ഷ്യമിടുന്നത്.
ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഡോണിന്റെ അടിസ്ഥാന വില 6.25 കോടി രൂപ. ഓരോ ഉപഭോക്താവിന്റെയും താല്‍പര്യങ്ങളും ഇഷ്ടങ്ങളും അനുസരിച്ച് കസ്റ്റമൈസ് ചെയ്തു ലഭിക്കുന്ന കാറിന് സൗകര്യത്തിനനുസരിച്ച് വിലയും ഉയരും. 183% ഇറക്കുമതി ചുങ്കം ഉള്‍പ്പെടെയുള്ള വിലയാണു നല്‍കേണ്ടി വരിക. ബുക്ക് ചെയ്താല്‍ അതിനനുസരിച്ച് കസ്റ്റമൈസ് ചെയ്തു വാഹനം നാട്ടിലെത്താന്‍ ആറു മാസമെടുക്കും. കൂപ്പെയായ ‘റെയ്ത്തി’ന്റെ പ്ലാറ്റ്ഫോമില്‍ റോള്‍സ് റോയ്സ് സാക്ഷാത്കരിച്ച നാലു സീറ്റുള്ള, സോഫ്റ്റ് ടോപ് കണ്‍വെര്‍ട്ട്ബ്ളാണു ‘ഡോണ്‍’.
നീണ്ട ബോണറ്റ്, മുന്നിലെ നീളം കുറഞ്ഞ ഓവര്‍ ഹാങ്, പിന്നിലെ നീണ്ട ഓവര്‍ ഹാങ്, ഉയര്‍ന്ന ഷോള്‍ഡര്‍ ലൈന്‍, 2:1 അനുപാതത്തിലെ വീല്‍ ഹൈറ്റും ബോഡി വെയ്റ്റും എന്നിവയൊക്കെ കാറിന്റെ പ്രത്യേകതകളായി റോള്‍സ് റോയ്സ് നിരത്തുന്നു. 45 എംഎം ഉയരത്തിലാണു മുന്നിലെ റേഡിയേറ്റര്‍ ഗ്രില്ലിന്റെ സ്ഥാനം; മുന്നില്‍ താഴെയുള്ള ബംപറാവട്ടെ 53 എംഎം ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. മുന്നില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ അതിരിടുന്ന സ്റ്റൈല്‍ സമൃദ്ധമായ പ്രൊജക്ടര്‍ ഹെഡ്ലാംപാണു കാറിലുള്ളത്.
മുന്നിലും പിന്നിലുമായി രണ്ട് വീതം സീറ്റുകളാണുള്ളത്. നാലു മേഖലകളായി തിരിച്ച ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വ്യക്തിഗതമായി ക്രമീകരിക്കാവുന്ന 16 സ്പീക്കറുകള്‍ സഹിതം പ്രീമിയം ഓഡിയോ സിസ്റ്റം, ക്രോം അഴകേകുന്ന ഇന്‍സര്‍ട്ട് എന്നിവയും കാറിലുണ്ട്. ‘ഡോണി’നു കരുത്തേകുന്നത് 6.6 ലീറ്റര്‍, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 പെട്രോള്‍ എന്‍ജിനാണ്; പരമാവധി 563 ബി എച്ച് പി കരുത്തും 820 എന്‍എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.
എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്ഷനാണു കാറിലെ ഗീയര്‍ബോക്സ്. നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഈ എന്‍ജിനു വേണ്ടത് വെറും 4.6 സെക്കന്‍ഡ്. കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്‌ട്രോണിക് സംവിധാനം വഴി നിയന്ത്രിച്ചിട്ടുണ്ട്.