അടിമാലി: ദേശീയപാതാ വികസനത്തിന് തടസം നില്‍ക്കുന്ന വനംവകുപ്പിന്‍റെ ധിക്കാര നിലപാടുകള്‍ അനുവദിക്കില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ റോയി കെ. പൗലോസ്. ഇന്നലെ കോണ്‍ഗ്രസ് അടിമാലി, ഇരുന്പുപാലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വനംവകുപ്പ് നേര്യമംഗലം റേഞ്ച് ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാത ഭരിക്കാന്‍ വനപാലകരെ അനുവദിക്കാനാവില്ല. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയിലെ ദേശീയപാതയില്‍ അപകടാവസ്ഥയിലുള്ള കലുങ്കുകള്‍ പോലും പുനര്‍ നിര്‍മിക്കാന്‍ അനുവദിക്കാത്ത വിധത്തിലുള്ള നിലപാടുകളാണ് വനംവകുപ്പ് നടത്തിവരുന്നത്. ഇത്തരം നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ ദേശീയപാതയിലൂടെ വനപാലകരുടെ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ല.