മലപ്പുറം : കൊറോണ വൈറസിനേ ക്കാൾ വലിയ വൈറസാണ് ആർഎസ്എസ് ബിജെപി വൈറസെന്നും മോഡിയും അമിത്ഷായും ചേർന്ന ഇരട്ട വൈറസാണിതെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മലപ്പുറത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അവർ.
ദുരിതകാലത്ത് പുതിയ നിയമങ്ങളിലൂടെ അമിതഭാരം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വിലകൂട്ടി ജനങ്ങളുടെ പോക്കറ്റിൽ കൈയിട്ട് മോഡി പോക്കറ്റ് വീർപ്പിക്കുന്നു.
ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ശബ്ദിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് മടിയാണ്. കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെന്റിൽ മിണ്ടുന്നില്ല. അവർ കേരളത്തിൽ നിർമിച്ച പ്രത്യേക ഫെവിക്കോൾ ചുണ്ടിൽ പുരട്ടിയാണ് ലോക്സഭയിലെത്തുന്നത്–- ബൃന്ദ പറഞ്ഞു.