ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

244


ന്യൂഡല്‍ഹി • കള്ളപ്പണവും കള്ളനോട്ടും തടയുന്ന നടപടിയുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
പഴയ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഒാഫിസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഡിസംബര്‍ 30നു ശേഷം ആര്‍ബിഐ പ്രാദേശിക ഒാഫിസുകളില്‍ നോട്ട് മാറ്റിനല്‍കും. നോട്ടുകള്‍ മാറ്റിയെടുക്കാനുള്ളവര്‍ തിരിച്ചറിയില്‍ കാര്‍ഡും സത്യവാങ്മൂലവും ഹാജരാക്കണം. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരെ ഭീകരവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ കള്ളനോട്ട് വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാനും പുതിയ നീക്കം സഹായിക്കുമെന്നും മോദി വ്യക്തമാക്കി. ഒഴിവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപയുടെയും രണ്ടായിരം രൂപയുടെയും നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. പതിനൊന്നാം തിയതി വരെ പുതിയ നീക്കത്തില്‍ ചിലയിളവുകള്‍ നല്‍കിയിട്ടുണ്ട്.
മരുന്ന് വാങ്ങുന്ന ആവശ്യത്തിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. പെട്രോള്‍ പമ്ബുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ബസുകളും എയര്‍ലൈനുകളും കണ്‍സ്യൂമര്‍ കോ-ഒാപ്പറേറ്റിവ് സ്റ്റോറുകളിലും 500, 1000 നോട്ടുകള്‍ സ്വീകരിക്കും. മില്‍ക്ക് ബൂത്തുകളിലും ശ്മശാനങ്ങളിലും പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY