ന്യൂഡല്‍ഹി • അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്നു ദിവസം കൂടി നീട്ടി. നേരത്തേ ഇളവു നല്‍കിയ അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകം. റയില്‍വേയും കെഎസ്‌ആര്‍ടിസിയും പെട്രോള്‍ പമ്പുകളും പാല്‍ ബൂത്തുകളും ഈ നോട്ടുകള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍ എന്നിവയും നോട്ട് എടുക്കും. വിമാനത്താവളങ്ങളിലും ശ്മശാനങ്ങളിലും സ്വീകരിക്കും. അതേസമയം, തിങ്കളാഴ്ചവരെ ദേശീയപാതകളില്‍ ടോള്‍ പിരിവ് ഇല്ല. പൊതുജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം ബാങ്കുകളിലുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. ബാങ്കുകളുടെ എല്ലാ ബ്രാഞ്ചിലും പണം ഇതിനോടകം എത്തിച്ചിട്ടുണ്ട്. 500, 1000 നോട്ടുകള്‍ മാറിവാങ്ങാന്‍ ഡിസംബര്‍ മുപ്പതുവരെ സമയമുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് ക്ഷമയുണ്ടാകണമെന്നും റിസര്‍വ് ബാങ്ക് അഭ്യര്‍ഥിച്ചു. അതേസമയം, കള്ളപ്പണത്തെ നേരിടാനായി നോട്ടുകള്‍ പിന്‍വലിച്ച ശേഷം 53,000 കോടിരൂപയുടെ നിക്ഷേപമുണ്ടായതായി എസ്ബിഐ വ്യക്തമാക്കി. വ്യാഴാഴ്ച മാത്രം രാജ്യത്തെ ശാഖകളില്‍ മുപ്പത്തിരണ്ടായിരം കോടിരൂപ നിക്ഷേപിച്ചതായും എസ്ബിഐ അറിയിച്ചു. എന്നാല്‍, അത്യാവശ്യഘട്ടങ്ങളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ ഒരുമാസത്തേക്കുകൂടി സമയം ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് അഹമ്മദാബാദ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തു.