ന്യൂഡല്‍ഹി • 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘങ്ങളെ അയയ്ക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27 കേന്ദ്രസംഘങ്ങള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി പരിശോധിക്കും. കേരളത്തിലേക്ക് മൂന്നുപേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐടി അഡീഷണല്‍ സെക്രട്ടറി അജയകുമാറും സംഘത്തിലുണ്ട്. അതിനിടെ, തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം നിര്‍ബന്ധമായും രാജ്യസഭയില്‍ ഹാജരാകണമെന്ന് എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം. ഏതെങ്കിലും രീതിയിലുള്ള വോട്ടെടുപ്പ് ആവശ്യമായിവരികയാണെങ്കില്‍ അംഗങ്ങളുടെ എണ്ണം കുറയാതിരിക്കാനാണ് വിപ്പ് നല്‍കിയതെന്നും സൂചനയുണ്ട്.
നോട്ടുപിന്‍മാറ്റവുമായി ബന്ധപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും കഴിഞ്ഞ രണ്ടു ദിവസമായി വലിയ ബഹളമാണ് നടന്നത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നോട്ടു പിന്‍വലിച്ചസംഭവത്തെ ഉറി ആക്രമണവുമായി ബന്ധപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവനയും രാജ്യസഭയില്‍ വലിയ ബഹളത്തിന് കാരണമായി.