തിരുവനന്തപുരം • പെട്രോള്‍ പമ്പുകളിലും റയില്‍വേ ടിക്കറ്റ് കൗണ്ടറുകളിലും ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കു പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാവുന്നതിന്‍റെ സമയപരിധി ഇന്ന് അര്‍ധരാത്രി അവസാനിക്കും. അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലെ ചില വകുപ്പുകളില്‍ നല്‍കിയിരുന്ന അനുമതിയും ഇന്ന് അവസാനിക്കും. വൈദ്യുതി നിരക്ക്, ജലക്കരം, കെഎസ്‌ആര്‍ടിസി യാത്രാ ടിക്കറ്റ് എന്നിവയ്ക്കു നാളെ മുതല്‍ പുതിയ നോട്ടുകള്‍ തന്നെ വേണ്ടിവരും. ട്രഷറി വഴി ഫീസുകളും നികുതികളും അടയ്ക്കാന്‍ പഴയനോട്ട് സ്വീകരിക്കുന്നതും ഇന്നുകൂടി മാത്രം. ഇതേസമയം, കേന്ദ്രസര്‍ക്കാര്‍ ഇളവ് കൂടുതല്‍ ദിവസത്തേക്കു നീട്ടിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ബാധകമായിരിക്കും. അസാധുവായ നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ മാത്രമേ സമര്‍പ്പിക്കാനാകൂ. എടിഎമ്മുകളില്‍നിന്ന് ഒരുദിവസം 2500 രൂപയാണ് ഇപ്പോള്‍ പിന്‍വലിക്കാനാകുന്നത്. ചെക്കോ വിഡ്രോവല്‍ സ്ലിപ്പോ നല്‍കി ബാങ്ക് ശാഖയില്‍ നിന്ന് 24,000 രൂപ വരെ ഒരാഴ്ച പിന്‍വലിക്കാം. ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാവുന്ന തുക 2000 രൂപ മാത്രം. ഇൗ നിരക്കുകളില്‍ കൂടുതല്‍ ഇളവ് ഇന്നു പ്രഖ്യാപിക്കുമെന്നാണു സൂചന.