ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളും പരിശോധിക്കാന്‍ നീക്കം തുടങ്ങി. ഇതിനിടെ ശമ്പളവിതരണം സുഗമമാക്കുന്നത് ആര്‍ബിഐ കര്‍മ്മസമിതിക്ക് രൂപം നല്കി. നോട്ട് അസാധുവാക്കി വന്നപ്പോള്‍ രണ്ടര ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ മാത്രമേ നിരീക്ഷിക്കുകയുള്ളുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ രണ്ടര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളും പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം നല്‍കാനാകാത്ത നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. 25 ശതമാനം തുക നാല് വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമാക്കണം. 25 ശതമാനം തുകമാത്രമേ പെട്ടെന്നുള്ള ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയു. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ഈ നിയമം കൊണ്ട് വരാനാണ് ആലോചന. ജന്‍ധന്‍ അക്കൗണ്ടുകളില്‍ പെട്ടെന്ന് വന്‍ നിക്ഷേപങ്ങള്‍ വന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇതിനിടെ ശമ്പളദിവസങ്ങളിലെ ക്രമീകരണം ഏകോപിപ്പിക്കാന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്രയുടെ നേതൃത്വത്തില്‍ കര്‍മ്മസമിതിക്ക് രൂപം നല്കി. ഇന്ന് മുതല്‍ അടുത്ത മാസം ഏഴാം തീയതി വരെ വലിയ തോതില്‍ പണം പിന്‍വലിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യത്തിന് പണം എല്ലാ എടിഎമ്മുകളിലും ബാങ്കുകളിലും എത്തിക്കുന്നതിനാണ് ശ്രമം.