മുംബൈ: നോട്ടുനിരോധനം ജനങ്ങളെ ആകെ ദുരിതത്തിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ നോട്ടുമാറാന്‍ ഒരവസരം കൂടി നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിശ്ചിത പരിധി വച്ചു നോട്ടു മാറിയെടുക്കാന്‍ ഒരവസരം കൂടി നല്‍കുമെന്ന സൂചനയാണു പുറത്തുവരുന്നത്. 2000 രൂപ വരെയൊക്കെ ഇത്തരത്തില്‍ മാറ്റിയെടുക്കാനായേക്കും. ഓരോ സമയം പണം മാറ്റിയെടുക്കാനാന്‍ എത്തുന്നവരെ കൂടുതല്‍ ശ്രദ്ധിക്കാനായി അധിക കൗണ്ടറുകള്‍ തുറക്കുമെന്നും സൂചനയുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റാന്‍ ഡിസംബര്‍ 30 വരെയാണ് സമയം കൊടുത്തിരുന്നത്.
ഈ ദിവസം കഴിഞ്ഞതോടെ നിരവധി പേരാണ് പരാതിയുമായി എത്തിയത്. നിരോധനത്തെ കുറിച്ച് അറിയാതിരുന്നവര്‍, വിദേശത്തായിരുന്നവര്‍, വയോധികര്‍ ഇങ്ങനെ നിരവധി പേര്‍ പരാതിയുമായി എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 8ന് നോട്ട് നിരോധനം പ്രഖ്യാപിക്കുമ്ബോള്‍ പിന്‍വലിക്കപ്പെട്ടത് ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ്. ഇതില്‍ ബഹുഭൂരിപക്ഷവും ബാങ്കില്‍ തിരികെ എത്തിക്കഴിഞ്ഞു.