ന്യൂഡല്‍ഹി • പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ നിര്‍മിക്കാന്‍ പാക്കിസ്ഥാന് കഴിയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. ആര്‍ക്കും പകര്‍ത്താന്‍ കഴിയാത്ത തരത്തിലുള്ള സുരക്ഷാ രീതികളാണ് പുതിയ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. നോട്ടുകള്‍ അച്ചടിക്കുന്നതിനു ആറുമാസം മുന്‍പുതന്നെ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും ഇന്റലിജന്‍സ് ബ്യൂറോയും ഡിആര്‍ഐയും ഇവയുടെ സവിശേഷതകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇന്ത്യയിലേക്ക് കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് കയറ്റിവിടുന്നത് പാക്കിസ്ഥാനാണെന്ന ആരോപണം ഏറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.പ്രധാനമായും 500, 1000 രൂപ നോട്ടുകളാണ് ഇത്തരത്തില്‍ കയറ്റിവിടുന്നത്. 1990 കളുടെ അവസാനത്തോടെയാണു പാക്കിസ്ഥാനില്‍ നിന്നു കള്ളനോട്ടുകള്‍ ഇന്ത്യയിലേക്കു കടത്തുന്നുണ്ടെന്നു മനസ്സിലായത്. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേല്‍നോട്ടത്തില്‍ പെഷാവറിലാണ് ഇവ നിര്‍മിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും അറിയിച്ചിരുന്നു. വര്‍ഷംതോറും ഏകദേശം 70 കോടിയുടെ കള്ളനോട്ടുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പാക്കിസ്ഥാന്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനം സ്വരൂപിക്കാനായി ഇന്ത്യയിലെ അനുഭാവികള്‍ക്ക് എത്തിക്കാനാണു പ്രധാനമായും പാക്ക് നിര്‍മിത കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നത്.