നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്ത് ബാങ്കുകളില്‍ നിക്ഷേപം കൂടുന്നു

214

മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്ത് ബാങ്കുകളില്‍ നിക്ഷേപം കൂടുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിന് ശേഷം കുറച്ച്‌ ദിവസങ്ങള്‍ക്കകം രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം പുതിയ 2000, 500, 100 രൂപ നോട്ടുകളായി ബാങ്കുകളില്‍ നിന്ന് ഇതിനകം തന്നെ 3,753 കോടി പിന്‍വലിക്കപ്പെട്ടിട്ടുമുണ്ടെന്ന് വിവിധ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്‍കിയ കണക്കുകളില്‍ പറയുന്നു. അതേസമയം പുതിയ നോട്ടുകള്‍ക്കായി കൂടുതല്‍ എടിഎമ്മുകള്‍ സജ്ജീകരിച്ചു തുടങ്ങിയിട്ടുണ്ട്. ചില എടിഎമ്മുകളില്‍ ഇതിനായുള്ള മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. പരീക്ഷണങ്ങള്‍ക്ക് ശേഷം ഇവ പൊതുജനങ്ങള്‍ക്കായി ദിവസങ്ങള്‍ക്കകം തുറന്നുകൊടുത്തേക്കും. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്‌.ഡി.എഫ്.സി, ആക്സിസ് ബാങ്കുകളാണ് എ.ടി.എമ്മുകളെ പുതുക്കി സജ്ജീകരിച്ചത്. അതേസമയം നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച്‌ അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ തിരക്കിന് കുറവുണ്ടാകാത്തത് ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. വിരമിച്ച ബാങ്ക് ജീവനക്കാര്‍, കരാര്‍ വേതനക്കാര്‍ എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പ്രമുഖ നഗരങ്ങളിലെ ബാങ്ക് ശാഖകള്‍ തിരക്കിനെ അതിജീവിക്കുന്നത്. അതേസമയം ഗുരുനാനാക്ക് ജയന്തിയെ തുടര്‍ന്ന് ബാങ്ക് അവധിയായ സംസ്ഥാനങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY