ന്യൂയോര്‍ക്ക് • സിറിയയില്‍ യുദ്ധക്കുറ്റ ആരോപണങ്ങള്‍ നേരിടുന്ന റഷ്യ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്നു പുറത്തായി. 193 അംഗ യുഎന്‍ പൊതുസഭ ഇന്നലെ നടത്തിയ വോട്ടെടുപ്പില്‍ 14 രാജ്യങ്ങള്‍ ജനീവ ആസ്ഥാനമായ കൗണ്‍സിലിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 47 അംഗ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ അടക്കം 47 അംഗങ്ങളാണുള്ളത്. ഇന്ത്യയുടെ കാലാവധി അടുത്ത വര്‍ഷം തീരും. 2017 ജനുവരി ഒന്നുമുതല്‍ മൂന്നു വര്‍ഷത്തേക്കാണു ബ്രസീല്‍, ചൈന, ക്രൊയേഷ്യ, ക്യൂബ, ഈജിപ്ത്, ഹംഗറി, ഇറാഖ്, ജപ്പാന്‍, റുവാണ്ട, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുനീസിയ, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി തീര്‍ന്നതുമൂലം കിഴക്കന്‍ യൂറോപ്യന്‍ ബ്ലോക്കില്‍ ഒഴിവുണ്ടായിരുന്ന രണ്ടു സീറ്റിലേക്കു ഹംഗറി, ക്രൊയേഷ്യ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളോടാണു റഷ്യ മല്‍സരിച്ചത്. 112 വോട്ടുകളാണു റഷ്യയ്ക്കു ലഭിച്ചത്. ഹംഗറിയും (144), ക്രൊയേഷ്യയും (114) ജയിച്ചു. സിറിയന്‍ സേനയ്ക്കൊപ്പം ചേര്‍ന്ന് വിമതര്‍ക്കെതിരെ റഷ്യന്‍ പോര്‍വിമാനങ്ങള്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഒട്ടേറെ ജനങ്ങള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് റഷ്യക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. റഷ്യക്കെതിരെ ശക്തമായ പ്രചാരണം അംഗരാജ്യങ്ങള്‍ക്കിടയില്‍ മനുഷ്യാവകാശസംഘടനകള്‍ നടത്തുകയും ചെയ്തു. അതേസമയം, ചൈന, ക്യൂബ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കു കൗണ്‍സിലില്‍ അംഗത്വം ലഭിച്ചതിനെയും മനുഷ്യാവകാശസംഘടനകള്‍ എതിര്‍ത്തു. സ്വന്തം പൗരന്‍മാരുടെ മനുഷ്യാവകാശങ്ങളെ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്ന ഈ രാജ്യങ്ങള്‍ യുഎന്നിനു കളങ്കമാണെന്ന് യുഎന്‍ വാച്ചും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും (എച്ച്‌ആര്‍ഡബ്ല്യു) കുറ്റപ്പെടുത്തി. യെമനിലെ ജനങ്ങള്‍ക്കു നേരെ വ്യാപകമായി നിയമവിരുദ്ധ ആക്രമണങ്ങള്‍ നടത്തിയതിന്റെ പേരിലും സൗദി വിമര്‍ശിക്കപ്പെട്ടു. മല്‍സരമില്ലാതെയാണു സൗദി തിരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യാവകാശ കൗണ്‍സിലിലെ 53 ശതമാനം അംഗങ്ങളും ജനാധിപത്യരാജ്യങ്ങളല്ലെന്നും യുഎന്‍ വാച്ച് ചൂണ്ടിക്കാട്ടി.