ബെയ്ജിങ് • ദക്ഷിണ ചൈന കടലില്‍ ചൈനയുടെയും റഷ്യയുടെയും സംയുക്ത നാവികാഭ്യാസത്തിനു തുടക്കം. മേഖലയിലേയ്ക്കുള്ള യുഎസിന്റെ സൈനിക കടന്നുകയറ്റത്തെ ചെറുക്കുകയാണു തന്ത്രപ്രധാനമായ ചൈന-റഷ്യ സഖ്യത്തിന്റെ ലക്ഷ്യം. ഇവിടുത്തെ വിവാദ സമുദ്രാതിര്‍ത്തി സംബന്ധിച്ചു ചൈനീസ് സൈന്യം യുഎസിനെതിരെ വാളോങ്ങി നില്‍ക്കുന്നതിനിടെയാണിത്.റഷ്യന്‍ സൈന്യം സാന്‍ജിയാങ് തുറമുഖത്ത് എത്തിയതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. എട്ടുദിവസം നീളുന്ന ‘ജോയിന്റ് സീ 2016’ നാവികാഭ്യാസം ദക്ഷിണ ചൈന കടലിലെ തര്‍ക്കമേഖലകളിലാണോ നടത്തുന്നതെന്നു ചൈന വ്യക്തമാക്കിയിട്ടില്ല. തര്‍ക്കമേഖലയ്ക്ക് അപ്പുറത്തുള്ള ഗുവാങ്ഡോങ് തീരത്താണ് അഭ്യാസങ്ങള്‍ നടക്കുകയെന്നാണു സിന്‍ഹുവയുടെ റിപ്പോര്‍ട്ട്.