ന്യൂഡല്‍ഹി• റഷ്യയും പാക്കിസ്ഥാനും നടത്തുന്ന സംയുക്ത സൈനിക അഭ്യാസത്തെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യയും യുഎസും. ശീതയുദ്ധകാലത്തു ശത്രുപക്ഷത്തായിരുന്ന പാക്കിസ്ഥാനും റഷ്യയും ആദ്യമായാണു സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. പുതിയ സാഹചര്യത്തില്‍ ഏറെ കരുതലോടെയാണ് ഈ നീക്കത്തെ ഇന്ത്യയും യുഎസും കാണുന്നത്. ‘ഫ്രണ്ട്ഷിപ് 2016’ എന്ന പേരിലാണ് സംയുക്ത സൈനിക അഭ്യാസം. ഇതിനായി വെള്ളിയാഴ്ച ഇരുനൂറോളം റഷ്യന്‍ സൈനികരാണു പാക്കിസ്ഥാനില്‍ എത്തിയത്. ഇന്നാരംഭിക്കുന്ന അഭ്യാസം ഒക്ടോബര്‍ 10നാണ് അവസാനിക്കുക.നയതന്ത്രമേഖലയില്‍ ഇന്ത്യയ്ക്കു പിന്തുണ നല്‍കുന്ന രാജ്യമാണ് റഷ്യ. യുഎസ്, ഇസ്രേയല്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനിടയിലും പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ ഉറച്ച പങ്കാളിയാണ് റഷ്യ.ഉറി ആക്രമണത്തിനു പിന്നാലെ, പാക്കിസ്ഥാനുമായുള്ള സംയുക്ത സൈനിക അഭ്യാസം റഷ്യ റദ്ദാക്കിയെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകരാജ്യങ്ങള്‍ക്കിടെ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന ഇന്ത്യന്‍ നയത്തെ ശരിവയ്ക്കുന്നതാണ് ഈ നടപടിയെന്നും കരുതിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ തള്ളി റഷ്യ പാക്കിസ്ഥാനുമായുള്ള സൈനിക അഭ്യാസവുമായി മുന്നോട്ടു പോവുകയായിരുന്നു. ഏറെ, കരുതലോടെയും സൂക്ഷ്മതയോടെയുമാണ് പാക്ക്-റഷ്യന്‍ നീക്കങ്ങള്‍ ഇന്ത്യയും യുഎസും നിരീക്ഷിക്കുന്നത്. വിദേശ നയത്തില്‍ ഇന്ത്യ യുഎസുമായി കൂടുതല്‍ അടുക്കുന്നതാണു റഷ്യയെ പാക്കിസ്ഥാനുമായി അടുപ്പിക്കുന്നതെന്നാണു വിദഗ്ധരുടെ അഭിപ്രായം.പാക്ക് അധീന കശ്മീരിലും ഗില്‍ജിത്-ബാല്‍ട്ടിസ്ഥാന്‍ മേഖലയിലെ പാക്ക് സൈനിക സ്കൂള്‍ പരിസരത്തുമാണു സംയുക്ത അഭ്യാസമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തി. തുടര്‍ന്നു റഷ്യയുമായി ഇക്കാര്യം സംസാരിക്കുകയും സൈനിക അഭ്യാസത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ, വിശദീകരണവുമായി ഇന്ത്യയിലെ റഷ്യന്‍ എംബസി രംഗത്തെത്തി. പാക്ക് അധീന കശ്മീരിലോ തര്‍ക്കപ്രദേശങ്ങളിലോ പാക്കിസ്ഥാനുമായി സംയുക്ത സൈനിക അഭ്യാസം നടത്തില്ലെന്ന് എംബസി അറിയിച്ചു. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ മേഖലയിലെ പര്‍വതപ്രദേശമായ ചേരതിലാണു സംയുക്ത അഭ്യാസമെന്ന് റഷ്യന്‍ എംബസി അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരിലോ തര്‍ക്കം നിലവിലുള്ള ഗില്‍ജിത്-ബാല്‍ട്ടിസ്ഥാന്‍ മേഖലകളിലോ സംയുക്ത സൈനിക അഭ്യാസം നടത്തില്ലെന്നും അവര്‍ വ്യക്തമാക്കി.2014 മുതല്‍ പാക്കിസ്ഥാനുമായി ശക്തമായ ആയുധ ഇടപാടുകള്‍ റഷ്യ ആരംഭിച്ചിരുന്നു. 2015ല്‍ എംഐ-35 ഹെലികോപ്റ്ററുകള്‍ പാക്കിസ്ഥാനു നല്‍കാന്‍ റഷ്യ തീരുമാനിക്കുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെ റഷ്യ സസൂക്ഷ്മം നീരീക്ഷിച്ചിരുന്നു. ഉറി ആക്രമണത്തെ തുടര്‍ന്നു പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെ റഷ്യ സൈനിക അഭ്യാസവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതു തിരിച്ചടിയാണെന്നും ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.