ന്യൂഡല്‍ഹി: തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്ന രാജ്യമായ പാകിസ്താനുമായുള്ള സൈനിക സഹകരണം തെറ്റായ സമീപനമാണെന്ന് റഷ്യയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇന്ത്യയുടെ റഷ്യയിലെ നയന്ത്ര പ്രതിനിധി പങ്കജ് ശരണ്‍ റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കൊണ്ടാടുകയും ചെയ്യുക എന്നത് ഒരു നയമായി സ്വീകരിച്ചിരിക്കുന്ന പാകിസ്താനുമായി റഷ്യ നടത്തുന്ന സഹകരണം ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യയുടെ നിലപാട് റഷ്യയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. സൈനിക-സാങ്കേതിക മേഖലയില്‍ റഷ്യയുമായി കൂടുതല്‍ മികച്ച സഹകരണമാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നതെന്നും പങ്കജ് ശരണ്‍ പറഞ്ഞു.
ഒക്ടോബര്‍ 15ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഇന്ത്യയുടെ തുറന്ന അഭിപ്രായ പ്രകടനത്തിന് സവിശേഷ പ്രാധാനമാണുള്ളത്.
പാകിസ്താനുമായി റഷ്യ കഴിഞ്ഞ മാസമാണ് സംയുക്ത സൈനികാഭ്യാസം നടത്തിയത്. ഉറി സൈനിക ക്യാമ്ബിനു നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യം നിലനില്‍ക്കെയായിരുന്നു ഇത്.