ഡമാസ്ക്കസ്: സിറിയയിലെ ഐഎസ് ക്യാമ്പുകളില്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ 150ലേറെ ഭീകരരെ വധിച്ചു. ഇറാന്‍റെ വ്യോമ കേന്ദ്രം ഉപയോഗിച്ച് ചൊവ്വാഴ്ച തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. അതേസമയം ഇറാന്‍റെ വ്യോമത്താവളം ഉപയോഗിക്കുന്നതിനെതിരെ അമേരിക്ക ഉയർത്തിയ വിമർശനങ്ങളെ തള്ളി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് രംഗത്തെത്തി.
റഷ്യയുടെ എസ്‍യു 34 വിമാനങ്ങളാണ് ഐഎസ്സിന് കനത്ത പ്രഹരം ഏൽപ്പിച്ചത് മുന്നേറുന്നത്. സിറിയയിലെ ദേർ ഏൽ സോറിലെ രണ്ട് വലിയ ഐഎസ് പരിശീലന ക്യാമ്പുകള്‍ റഷ്യൻ സേന തകർത്ത് തരിപ്പണമാക്കി. 150ൽ ഏറെ ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതേ രീതിയിൽ ഇറാന്റെ വ്യോമ കേന്ദ്രങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടരാനാണ് റഷ്യൻ തീരുമാനം.
എന്നാൽ ഇറാനുമായുള്ള റഷ്യൻസഹകരണം ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഉടമ്പടിയുടെ ലംഘനമാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാൽ അമേരിക്കൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ മാർക് ടോണർക്ക് മറുപടിയുമായി റഷ്യൻ വിദേശകാര്യമന്ത്രി തന്നെ രംഗത്തെത്തി.
ഇറാൻ റഷ്യ വിമാനങ്ങൾ വിൽക്കുകയോ, കൈമാറുകയോ ചെയേതിട്ടില്ലെന്ന് ലാവ്റോവ് വ്യക്തമാക്കി. ഐഎസ് എതിരായ ആക്രമണത്തിന്‍റെ മറവിൽ ആസദ് വിരുദ്ധരെയാണ് റഷ്യ ലക്ഷ്യം ഇടുന്നതെന്ന ആരോപണവും ലാവ്റോവ് തള്ളി. ചൊവ്വാഴ്ച്ച മുതലാണ് ഐഎസ് കേന്ദ്രങ്ങളോട് ഏറ്റവും അടുത്തുള്ള ഇറാനിലെ ഖമേമിം വ്യോമത്താവളം ഉപയോഗിച്ച് തുടങ്ങിയത്.