ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മന:പൂര്‍വ്വം കുടിശ്ശിക വരുത്തിയ വമ്പന്‍ വ്യവസായികളുടെ 7016 കോടി രൂപയുടെ കുടിശ്ശിക എഴുതി തള്ളി. വിജയ് മല്യയുടെ കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം വായ്പ തിരിച്ചടവില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയ ആദ്യ നൂറു പേരുടെ കടമാണ് പൂര്‍ണ്ണമായും ഭാഗികമായും എഴുതി തള്ളിയത്. കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേതടക്കം അടക്കം 63 പേരുടെ കടം പൂര്‍ണ്ണമായും എഴുതി തള്ളി. 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ് ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്.ദേശീയ ദിനപത്രമായ ഡി.എന്‍.എയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ളതാണ് കണക്കുകള്‍. എന്നാല്‍ എന്നാണ് ഇവരുടെ വായ്പ എഴുതി തള്ളിയതെന്നുള്ള വിവരങ്ങളില്ല. 48,000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് എസ്.ബി.ഐക്ക് ആകെ ഉണ്ടായിരുന്നത്. കള്ളപ്പണം കണ്ടെടുക്കാനെന്ന പേരില്‍ രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കോടികള്‍ എഴുതി തള്ളിയ വാര്‍ത്ത പുറത്തു വരുന്നത്. മനപൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലെ ഒന്നാമതായിരുന്ന കിങ്ഫിഷറിന്റെ 1,201 കോടി രൂപയുടെ കണക്ക് മാത്രമെ ബാങ്ക് ബാലന്‍സ്ഷീറ്റില്‍ കാണിച്ചിട്ടുള്ളൂ. കെ.എസ്.ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526കോടി), ജി.ഇ.ടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവരാണ് എഴുതി തള്ളിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.