ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യ അടക്കമുള്ളവരുടെ കടം എഴുതിത്തള്ളിയെന്നത് തെറ്റായ വാര്‍ത്തയാണെന്ന് എസ്ബിഐ. ബാങ്കിന്‍റേത് സാങ്കേതിക കാര്യം മാത്രമെന്നും കടം തിരിച്ചുപിടിക്കാനുള്ള നടപടി തുടരുമെന്നും ബാങ്ക് ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി. ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്ന ഇത്തരം തെറ്റായ മാധ്യമ വ്യവഹാരം തങ്ങളുടെ പേര് നശിപ്പിച്ചെന്നും അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും ഇവര്‍ വ്യക്തമാക്കി. ബാലന്‍ഷീറ്റ് ക്രമീകരിക്കാനുള്ള വെറും സാങ്കേതിക നടപടി മാത്രമാണ് മല്യയ്ക്കെതിരേ നടന്നത് നിഷ്ക്രിയാസ്തികളായി മാത്രമാണ് കണ്ടിട്ടുള്ളതെന്നും കടം തിരിച്ചുപിടിക്കാനുള്ള നടപടി തുടരുമെന്നും അവര്‍ പറഞ്ഞു.
വിജയ് മല്യയുടെ 1200 കോടി അടക്കം വന്‍ വ്യവസായികളുടെ 7000 കോടി രൂപ എസ്ബിഐ എഴുതിത്തള്ളിയെന്നായിരുന്നു നേരത്തേ വാര്‍ത്ത പുറത്തുവന്നത്. മല്യയുടെ കടം എഴുതിത്തള്ളിയിട്ടില്ലെന്ന് പാര്‍ലമെന്‍റില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയതിന് ധനമന്ത്രി ചിദംബരവും ഇന്നലെ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ബിഐ ചെയര്‍പേഴ്സണ്‍ തന്നെ രംഗത്ത് വന്നത്. അതിനിടയില്‍ യൂറോപ്യന്‍ ഏവിയേഷന്‍ സ്ഥാപനം ഏയ്റോട്രോണ്‍ ലിമിറ്റഡ് നല്‍കിയ പരാതിയില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്‍റെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ കര്‍ണാടകാ ഹൈക്കോടതി വിധിച്ചു. 2012 ജൂലൈ 4 ന് 6.23 ദശലക്ഷം ഡോളറിന്‍റെ കടം കിട്ടാതായതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 2005 ന് ശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ലൈസന്‍സ് കാലാവധി 2012 ഒക്ടോബറില്‍ കഴിഞ്ഞിരുന്നു.