അഗസ്റ്റ വെസ്റ്റലന്‍ഡ് അഴിമതിക്കേസ്: എസ് പി ത്യാഗിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

236

അഗസ്റ്റ വെസ്റ്റ്‍ലന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ അറസ്റ്റിലായ മുന്‍ വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എസ്പി ത്യാഗിയെ കോടതി ഈ മാസം 30 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ത്യാഗിയെ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഇതാദ്യമായാണ് ഒരു പ്രതിരോധ മേധാവി ജയിലിലാകുന്നത്. അഗസ്റ്റ വെസ്റ്റ്‍ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിനായി കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഒമ്ബതിനാണ് മുന്‍ വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗിയെ അറസ്റ്റു ചെയ്തത്. ആദ്യം നാലുദിവസത്തേക്ക് ത്യാഗിയെ സിബിഐ കസ്റ്റഡിയില്‍ വിട്ട കോടതി പിന്നീടിത് മൂന്നു ദിവസം കൂടി നീട്ടിയിരുന്നു. ഇന്ന് എസ്പി ത്യാഗിയേയും ബന്ധു സഞ്ജീവ് ത്യാഗിയേയും അഭിഭാഷകന്‍ ഗൗതം ഖൈതാനെയും വീണ്ടും ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടില്ല.

വിദേശത്തു നിന്ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ ത്യാഗിയെ ചോദ്യം ചെയ്യുന്നത് സിബിഐ പൂര്‍ത്തിയാക്കിയിരുന്നു. മൂന്നു പേരെയും ഈ മാസം മുപ്പത് വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. എസ് പി ത്യാഗി ജാമ്യപേക്ഷ നല്കിയെങ്കിലും കോടതി ഇന്ന് പരിഗണിച്ചില്ല. ഇത് ബുധനാഴ്ച കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് മുന്‍ വ്യോമസേന മേധാവിയെ തീഹാര്‍ ജയിലിലേക്ക് മാറ്റി. പ്രതിരോധ സേനാ തലപ്പത്തിരുന്ന ഒരാള്‍ ജയിലില്‍ പോകുന്നത് ഇതാദ്യമായാണ്. ഇതിനിടെ ഇന്ത്യയില്‍ കൈക്കുലി നല്‍കിയതിന് ഹെലികോപ്റ്റര്‍ ഉടമകളായ ഫിന്‍മെക്കാനിക്കയുടെ മേധാവി ഗസിപോ ഒര്‍സിക്ക് മിലാനിലെ അപ്പീല്‍ കോടതി നല്‍കിയ നാലര വര്‍ഷത്തെ ശിക്ഷ ഇറ്റാലിയന്‍ സുപ്രീംകോടതി മരവിപ്പിച്ചു. കേസില്‍ പുനര്‍വിചാരണ നടത്താന്‍ മിലാന്‍ കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. പ്രമുഖ കുടുംബം കൈക്കൂലി വാങ്ങിയെന്ന ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പ് പുറത്തു വന്ന സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ കേസിലെ അന്വേഷണം ഇനി എങ്ങോട്ടു തിരിയും എന്നറിയാന്‍ രാഷ്ട്രീയ ഇന്ത്യ കാത്തിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY