എസ്‌വി.കോ സിലിക്കണ്‍ വാലി പ്രോഗ്രാമിന് രാജ്യത്താകമാനം മികച്ച പ്രതികരണം

238

കൊച്ചി: എസ്‌വി.കോയുടെ സിലിക്കണ്‍ വാലി പരിശീലന പരിപാടിക്ക് ജമ്മു കശ്മീരില്‍ നിന്നടക്കം രാജ്യത്തുടനീളമുള്ള എന്‍ജിനിയറിംഗ് കോളജുകളില്‍നിന്ന് വിദ്യാര്‍ഥികളുടെ മികച്ച പ്രതികരണം. 2017 ജനുവരി രണ്ടിന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് 24 സംസ്ഥാനങ്ങളിലെ 228 സര്‍വകലാശാലകളില്‍നിന്നുള്ള 1443 എന്‍ജിനീയറിംഗ് കോളജുകളില്‍നിന്ന് 1946 ടീമുകള്‍ അപേക്ഷിച്ചിട്ടുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയ ഓഗസ്റ്റ് 31ന് അവസാനിച്ചു. വിദ്യാര്‍ഥികള്‍ക്കായുള്ള ലോകത്തെ പ്രഥമ ഡിജിറ്റല്‍ ഇന്‍കുബേറ്ററായ എസ്‌വി.കോയുടെ ആദ്യ ചുവടുവയ്പ്പാണ് ആറുമാസം ദൈര്‍ഘ്യമുള്ള സംരംഭക കോഴ്‌സ്.

കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അപേക്ഷകരിലുണ്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനം ഇടവിട്ട് നിരോധിതമാകുന്നതുകൊണ്ടും കശ്മീരില്‍ വണ്‍ ടൈം പാസ്‌വേഡ് (ഒറ്റിപി) എസ്എംഎസ് വഴി ലഭ്യമല്ലാത്തതുകൊണ്ടും ഓണ്‍ലൈനായി പണം അടയ്ക്കാന്‍ പ്രയാസം നേരിട്ട കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കായി അപേക്ഷ ഫീസ് ഒഴിവാക്കിയതായി സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ് വില്ലേജിന്റെ ഡിജിറ്റല്‍ രൂപമായിട്ടാണ് എസ്‌വി.കോ വിഭാവനം ചെയ്തിരിക്കുന്നത്.

കോഡിംഗ്, വീഡിയോ ജോലികള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് മികച്ച ടീമുകളെ സിലിക്കണ്‍ വാലി പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കും. പദ്ധതിയിലേക്ക് 511 അപേക്ഷകളുമായി കേരളമാണ് ഒന്നാംസ്ഥാനത്തുള്ളത്. തമിഴ്‌നാട് (216), ആന്ധ്ര (179), തെലങ്കാന (131), മഹാരാഷ്ട്ര (122), കര്‍ണാടക (103), ഗുജറാത്ത് (86), ഉത്തര്‍പ്രദേശ് (81), ഡല്‍ഹി (50), രാജസ്ഥാന്‍ (49) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകള്‍.

ഇത്രയധികം അപേക്ഷകള്‍ ലഭിച്ചതുകൊണ്ടും, അപേക്ഷാ കാലാവധി നീട്ടണമെന്ന് ധാരാളം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതുകൊണ്ടും പഠനകാലത്തുതന്നെ സംരംഭകരാകാന്‍ കൂടുതല്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി പുതിയ ബാച്ച് ആരംഭിച്ചിട്ടുണ്ടെന്ന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ഓഗസ്റ്റ് 31ന് അപേക്ഷാ തിയതി അവസാനിച്ച നിലവിലെ ബാച്ചിലേക്ക് പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് www.sv.co എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 30 വരെ രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷിക്കാം.

പ്രോഗ്രാമിലെ പങ്കാളിയായ ഫെയ്‌സ്ബുക്ക് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള സ്വന്തം ഡെവലപ്പര്‍ ടീമുമായി ഇടപെടാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്കു നല്‍കും. പ്രോഗ്രാമിന്റെ ഭാഗമായി 50 വിദ്യാര്‍ഥികള്‍ കാലിഫോര്‍ണിയയിലേക്ക് ആറുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം നടത്തും. ഫേയ്‌സ്ബുക്ക് സംഘത്തിനുമുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനും അവയെക്കുറിച്ച് പ്രതികരണം തേടാനും ഇവര്‍ക്ക് അവസരമുണ്ടാകും. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ പെയ്ടിഎം (ജമ്യാേ) സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ 30 വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയുടെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ് സംരംഭകത്വം രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സഞ്ജയ് പറഞ്ഞു. 1400ല്‍പരം കോളജുകളില്‍നിന്നായി ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ ആദ്യ പ്രോഗ്രാമിലേക്ക് അപേക്ഷിച്ചതിലൂടെ വ്യക്തമാകുന്നത് എസ്‌വി.കോ വഴി സ്വന്തം ഭാവി കെട്ടിപ്പടുക്കാനുള്ള വിദ്യാര്‍ഥികളുടെ താല്‍പ്പര്യമാണെന്ന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.

പൂര്‍ണമായും ഡിജിറ്റലായി മാറിക്കഴിഞ്ഞശേഷം നടക്കുന്ന ആദ്യ പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണം ആവേശകരമാണ്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഭാവി പഠനകാലത്തുതന്നെ മികച്ച ഉത്പ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന വിദ്യാര്‍ഥികളിലാണ്. മെട്രോ നഗരങ്ങളില്‍ മാത്രമല്ല ചെറുകിട, ഇടത്തരം പട്ടണങ്ങളിലും മികച്ച പ്രവര്‍ത്തനശൈലി കൊണ്ടുവരികയാണ് എസ്‌വി.കോയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ രണ്ടാം ഘട്ടമായി ജൂലൈ 13ന് ആരംഭിച്ച എസ്‌വി.കോ രാജ്യവ്യാപകമായി 3500 എന്‍ജിനീയറിംഗ് കോളജുകളില്‍നിന്ന് 50 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ഡിജിറ്റലായ ഇന്‍കുബേഷന്‍ പിന്തുണ നല്‍കാന്‍ ലക്ഷ്യമിടുന്നു. സിലിക്കണ്‍ വാലി പ്രോഗ്രാമിലേക്ക് 2-5 അംഗങ്ങള്‍ അടങ്ങുന്ന അന്‍പതോളം എന്‍ജിനീയറിംഗ് വിദ്യാര്‍ഥി സംഘങ്ങളുടെ സ്റ്റാര്‍ട്ടപ്പുകള്‍ തെരെഞ്ഞെടുക്കപ്പെടും.

സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത പ്രൊഫൗണ്ടിസ് ലാബ്‌സിനെ അടുത്തിടെ യുഎസ് കമ്പനിയായ ഫുള്‍കോണ്‍ടാക്ട് ഏറ്റെടുത്തിരുന്നു. അപൂര്‍വ്വമായാണ് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിനെ യുഎസ് കമ്പനി ഏറ്റെടുക്കുന്നത്.

NO COMMENTS

LEAVE A REPLY