പാകിസ്താനിലെ സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചു

265

ഇസ്ലാമാബാദ്: പാകിസ്താനില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്‍മാറ്റത്തെ തുടര്‍ന്നാണ് നടപടി. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഉറി ആക്രമണത്തിന്റെ പശ്ചാത്തിലാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുന്നതായി അധ്യക്ഷ രാജ്യമായ നേപ്പാളിനെ അറിയിച്ചിരുന്നു. ഇന്ന് ശ്രീലങ്ക കൂടി ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയതോടെ ഉച്ചകോടി ബഹിഷ്കരിക്കുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി.ആതിഥേയ രാഷ്ട്രമായ പാകിസ്താനെയും അധ്യക്ഷ രാജ്യമായ നേപ്പാളിനെയും കൂടാതെ മാലെദ്വീപ് മാത്രമാണ് ഇപ്പോള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ പ്രഖ്യാപനം.നേരത്തേ ഉച്ചകോടി നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്നായിരുന്നു പാകിസ്താന്‍ അറിയിച്ചിരുന്നത്. എന്നാല്‍ നാളെ ഉച്ചകോടി നടത്തുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ സാര്‍ക്ക് യോഗം ചേരാനിരിക്കേ മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പാകിസ്താന്റെ പുതിയ പ്രഖ്യാപനം.പത്തൊമ്ബതാമത്തെ സാര്‍ക്ക് ഉച്ചകോടിയാണ് ഇസ്ലാമാബാദില്‍ നടക്കാനിരുന്നത്. മാറ്റിയ തീയതി ഉടനെ അറിയിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു.ഉച്ചകോടിയില്‍ നിന്നുള്ള ഇന്ത്യയുടെ പിന്‍മാറ്റം ദക്ഷിണേഷ്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുന്നിട്ടിങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നും പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY