ന്യൂഡല്‍ഹി• ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു മാലദ്വീപും സാര്‍ക് സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു. അഞ്ച് അംഗരാജ്യങ്ങള്‍ പിന്മാറിയതോടെ സമ്മേളനം മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നു പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്.ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ നേരത്തേ തീരുമാനിച്ചിരുന്നു. പിന്നാലെ, ബംഗ്ലദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും ഇന്നലെ ശ്രീലങ്കയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഉച്ചകോടി മാറ്റാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായത്.എന്നാല്‍, ഉച്ചകോടി നടക്കാതിരിക്കാന്‍ കാരണം ഇന്ത്യയുടെ നിലപാടാണെന്നു വ്യക്തമാക്കി പാക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. സഹകരണ പ്രസ്ഥാനമായ സാര്‍ക്കിനുമേല്‍ ഉഭയകക്ഷി പ്രശ്നങ്ങളുടെ നിഴല്‍ വീഴ്ത്താനുള്ള ഇന്ത്യയുടെ ശ്രമം സാര്‍ക് പ്രമാണരേഖയുടെ അന്തഃസത്ത ലംഘിക്കുന്ന നടപടിയാണെന്ന് അവര്‍ ആരോപിച്ചു.
1985ല്‍ തുടങ്ങിയ സാര്‍ക്കില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലദ്വീപ് എന്നീ രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. നവംബര്‍ ഒന്‍പതിനും 10നും ഉച്ചകോടി നടത്താനാണു തീരുമാനിച്ചിരുന്നത്. സാര്‍ക്കിന്റെ പത്തൊന്‍പതാമത്തെ ഉച്ചകോടിയാണ് അടുത്ത മാസം നടക്കാനിരുന്നത്.