ന്യൂഡല്‍ഹി : നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ആ വിധി എത്തി, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു. നാല് ജഡ്ജിമാര്‍ക്ക് ഒരു അഭിപ്രായമാണ്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് ഭിന്നാഭിപ്രായമാണ്.
ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്‌സ് അസോസിയേഷന്‍ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധാനലായ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരു പ്രധാന ആവശ്യം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചില്‍ നാല് വിധികളാണ് ജഡ്ജിമാര്‍ പറയുക. ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കറും ചേര്‍ന്ന് ഒരു വിധി പറയും. ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധിയും ഉണ്ട്.
ഏട്ടുദിവസം നീണ്ടുനിന്ന വാദമാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് പ്രധാനമാണെന്ന് ഇന്ദിരാ ജെയ്‌സിംഗ് വാദത്തില്‍ പറഞ്ഞിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചപരമാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു.