തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കാന്‍ ആലോചിക്കുന്നില്ലെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുന്‍ വര്‍ഷത്തെ പോലെയുള്ള സൗകര്യം മാത്രമാണ് സ്ത്രീകള്‍ക്കുണ്ടാകുകയെന്നും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ ബോര്‍ഡിന് പ്രത്യേക താല്‍പ്പര്യമില്ല. താല്‍പ്പര്യക്കുറവും ഇല്ല. പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല. വനിതാ പോലീസിനെ വിന്യസിക്കുമെന്ന പ്രചാരണം സത്യമല്ല. അതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിട്ടില്ല. പഴയ ക്രമീകരണങ്ങള്‍ മാത്രമാണ് ഇത്തവണയും ഉണ്ടാകുകയെന്നും പത്മകുമാര്‍ വ്യക്തമാക്കി. നിലവില്‍ ശബരിമലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ആലോചിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ല. ശബരിമലയെ സംബന്ധിച്ചിടത്തോളം തന്ത്രിസമൂഹം പിതൃസ്ഥാനീയരാണ്. ശബരിമലയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹാരം കാണാന്‍ അവര്‍ക്കും ബാധ്യതയുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി.