ശബരിമലയില്‍ കൊക്കക്കോള വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു

218

ശബരിമല: നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വൈന്‍ഡിങ് മെഷീനില്‍ കൂടി കൊക്കക്കോള വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു. മാതൃഭൂമിയുടെ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൊക്കക്കോള വിതരണം നടത്തുന്നത് എന്ന ചൂണ്ടിക്കാട്ടിയാണ് ശബരിമലയിലെ കൊക്കക്കോള വിതരണം ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ത്തിവെപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ അജിത് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വിതരണം നിര്‍ത്തിവെയ്ക്കാന്‍ കമ്ബനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് സ്വാധീനം ഉപയോഗിച്ച്‌ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റംവരുത്തി 18 ലക്ഷത്തില്‍പരം രൂപയ്ക്ക് ശീതളപാനീയത്തിന്‍റെ വിപണി ലേലത്തില്‍ പിടിച്ചത്. വെന്‍ഡിങ് മെഷീനുകളിലൂടെ ശീതളപാനീയം നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതാണ് കൊക്കോകോളയ്ക്ക് മലകയറാന്‍ വഴിയൊരുങ്ങിയത്. ശബരിമലയില്‍ കുപ്പിവെള്ള കച്ചവടം ഹൈക്കോടതി പൂര്‍ണമായും നിരോധിച്ച പശ്ചാത്തലത്തിലാണ് ശീതളപാനീയ വിപണിയിലെ ആഗോളകുത്തക ശബരിമലയിലേക്ക് കടന്നുവന്നത്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പല ഹോട്ടലുകളിലുമായി കോളാ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. 200 മില്ലിലിറ്ററിന്റെ ഗ്ലാസ്സിന് 25 രൂപ, 300 മില്ലിക്ക് 35 രൂപ എന്ന നിരക്കിലാണ് വില്‍പ്പനനടന്നിരുന്നത്. ഇത് നിര്‍ത്തിവെയ്ക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY