പത്തനംതിട്ട : മധ്യതിരുവിതാംകൂറില്‍ പുതുതായി നിര്‍മിക്കുന്ന ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാജു എബ്രഹാം എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ ടെക്ക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും, പരിസ്ഥിതി ആഘാത പഠനവും ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നടത്തുന്നത്. സ്ഥാപനത്തിന്റെ ലഭ്യമാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാതൃകയില്‍ ചെറുവള്ളിയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്.
ടെക്‌നോ എക്കണോമിക്‌സ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിക്കായി സ്‌പെഷല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു. സാമൂഹ്യ പ്രത്യാഘാത പഠനം, മണ്ണ് പരിശോധന, വിവരശേഖരണം എന്നിവ ഇനി നടത്താനുണ്ട്. ഇതിന് ശേഷം വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, മറ്റ് ബന്ധപ്പെട്ട ഏജന്‍സികളുടെ ക്ലിയറന്‍സ്, കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം എന്നിങ്ങനെ എല്ലാ നടപടികളും പൂര്‍ത്തി യാക്കേണ്ടതുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും.
പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ മുങ്ങി ആറന്മുള വിമാനത്താവളം ഇല്ലാതായ സാഹചര്യത്തില്‍ മധ്യ തിരുവിതാം കൂറുകാരുടെ ആകാശ സ്വപ്നങ്ങള്‍ക്ക് പൊന്‍ചിറകേകിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം പ്രവാസികള്‍ ഉള്ള പ്രദേശത്ത് വിമാനത്താവളം വരുന്നതോടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാകും. 150 കിലോമീറ്ററില്‍ അധികം സഞ്ചരിച്ചു വേണം ഇപ്പോള്‍ പലര്‍ക്കും വിമാനത്തില്‍ കയറാന്‍. കൂടാതെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഏറെ പ്രയോജനപ്പെടും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ താമസക്കാര്‍ക്ക് വിമാനത്താവളം ഏറെ പ്രയോജനം ചെയ്യും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കണ്‍വന്‍ഷനുകളായ മാരാമണ്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനും ഉപകരിക്കും.
ആറന്മുള വിമാനത്താവളം പദ്ധതി ഉപേക്ഷിച്ചതോടെ ശബരിമലയ്ക്ക് അടുത്ത് ഒരു വിമാനത്താവളം എന്ന ആശയം ആദ്യമായി നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത് രാജു എബ്രഹാം എം എല്‍ എ ആണ്. ആവശ്യം പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ കോന്നി കല്ലേലി എസ്റ്റേറ്റ്, ളാഹ എസ്റ്റേറ്റ്, ചെറുവള്ളി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ സാധ്യതാ പഠനം നടത്തിയിരുന്നു.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ആഘാതങ്ങള്‍ ഏല്‍പ്പിക്കാതെ വിമാനത്താവളം നിര്‍മിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ചെറുവള്ളി എസ്റ്റേറ്റ് ആണെന്ന് കണ്ടെത്തി. മാത്രമല്ല, മഴക്കാലത്ത് വെള്ളം കയറി റണ്‍വേ അടച്ചിടേണ്ട അവസ്ഥയും ഇവിടെ ഉണ്ടാകില്ല.