ശബരിമല തീർഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആവിഷ്‌കരിച്ച ശബരിമല സേഫ് സോൺ പദ്ധതി വെള്ളിയാഴ്ച രാവിലെ 10.30ന് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
കോവിഡ് സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകരുടെ യാത്ര അപകടരഹിതവും സുരക്ഷിതവുമാക്കാനുള്ള വിപുലമായ പരിപാടിയാണ് ശബരിമല സേഫ് സോൺ പദ്ധതി.
നിലയ്ക്കൽ ഇലവുങ്കലിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി വിണാ ജോർജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.ആർ. അജിത് കുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.