ന്യൂഡല്‍ഹി: ബംഗ്ലാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സാഫ് കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. പകുതി സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. ഇന്ത്യയ്ക്കായിരുന്നു മത്സരത്തിലുടനീളം ആധിപത്യം. 12-ാം മിനിറ്റില്‍ ഡംഗ്മെയ് ഗ്രേസാണ് ലീഡ് നേടിയത്. ഗ്രേസിന്റെ അതിവേഗത്തിലുള്ള നീക്കങ്ങള്‍ തന്നെയായിരുന്നു തുടര്‍ന്നും ഇന്ത്യയുടെ തുറുപ്പ്ചീട്ട്. 40-ാം മിനിറ്റില്‍ ഷോപ്നയിലൂടെ ബംഗ്ലാദേശ് ഒപ്പമെത്തി. അറുപതാം മിനിറ്റില്‍ ബോക്സില്‍ ബാലയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സസ്മിതയാണ് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചത്. എഴുപതാം മിനിറ്റില്‍ ബംഗ്ലാദേശ് ഗോളിയുടെ പിഴവ് മുതലെടുത്ത ഇന്ദുമതി മൂന്നാം ഗോള്‍ വലയിലാക്കി ഇന്ത്യയുടെ ജയം ഉറപ്പിച്ചു. ലീഡ് നേടിയശേഷവും സമ്മര്‍ദം ചെലുത്തിക്കളിച്ച ഇന്ത്യയ്ക്ക് തുടര്‍ന്നും നിരവധി അവസരങ്ങള്‍ വീണുകിട്ടിയെങ്കിലും വീണ്ടും വലകുലുക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല.