ന്യൂഡല്‍ഹി • 200 കോടി രൂപകൂടി കെട്ടിവച്ചാല്‍ സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയിക്ക് ഒക്ടോബര്‍ 24 വരെ പരോള്‍ നീട്ടി നല്‍കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. കോടതിയെ കബളിപ്പിക്കുംവിധമായിരുന്നു ഗ്രൂപ്പിന്റെ മുന്‍ സ്വഭാവമെന്നതിനാല്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) ബാക്കി നല്‍കേണ്ട 12,000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നതിനു രൂപരേഖ സമര്‍പ്പിക്കാനും ഉത്തരവായി.
നിക്ഷേപകരെ കബളിപ്പിച്ചതാണു കേസ്. ലേലത്തില്‍ വില്‍ക്കുന്നതിനു സഹാറ ഗ്രൂപ്പ് സെബിക്കു കൈമാറിയ 60 വസ്തുക്കളില്‍ നാല്‍പതും ആദായനികുതി വകുപ്പു കണ്ടുകെട്ടിയതായിരുന്നു. ഇക്കാര്യം മറച്ചുവച്ചതിനു കഴിഞ്ഞ ദിവസം കോടതി അവരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.ഉപാധികളില്ലാതെ ഒന്നര വര്‍ഷം സമയം നല്‍കിയാല്‍ പണം മുഴുവന്‍ അടച്ചുകൊള്ളാമെന്ന് സഹാറയ്ക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ ബോധിപ്പിച്ചു.