പരിയാരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിനു മറ്റ് കോളേജുകളേക്കാള്‍ അമിതമായി ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന്കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഫീസ് വര്‍ധിപ്പിച്ചത് എന്ന മുഖ്യമന്തിയുടെ ന്യായീകരണം ശുദ്ധ അസംബന്ധം ആണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് സി.പി.എം. ഭരണസമിതിയുടെ കെടുകാര്യസ്ഥത ഒന്നുകൊണ്ടു മാത്രമായിരിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ. സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഫീസ് കുറയ്ക്കുകയും പാവപ്പെട്ടവര്‍ ആശ്രയിക്കുന്ന മെറിറ്റ് സീറ്റില്‍ മാത്രം ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്തത് ആര്‍ക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സി.പി.എം. ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ എറ്റവും കൂടുതല്‍ ഫീസ് ഈടാക്കിയത് ഇന്നലെകളിലെ അവരുടെ സമരങ്ങളെ തള്ളിപ്പറയലാണെന്നും സജീവ് ജോസഫ് പറഞ്ഞു.